വെല്ലിംഗ്ടണ്‍: ഏകദിന ക്രിക്കറ്റില്‍ അതിവേഗം 9000 റണ്‍സ് പിന്നിടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കന്‍ താരം എ.ബി.ഡിവില്ലിയേഴ്സിന്. 205 ഇന്നിംഗ്സുകളില്‍ 9000 പിന്നിട്ട ഡിവില്ലിയേഴ്സ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് മറികടന്നത്.

228 ഇന്നിംഗ്സുകളില്‍ നിന്നായിരുന്നു ഗാംഗുലി 9000 പിന്നിട്ടത്. ഡിവില്ലിയേഴ്സിന്റെ ബാറ്റിംഗ് മികവില്‍ കീവിസിനെതിരായ മൂന്നാം ഏകദിനത്തില്‍ 159 റണ്‍സിന് ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 2-1ന് മുന്നിലെത്തി. 80 പന്തില്‍ 85 റണ്‍സെടുത്ത ഡിവില്ലിയേഴ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.

അതിവേഗം 9000 റണ്‍സ് പിന്നിട്ടവരുടെ പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മൂന്നാം സ്ഥാനത്ത്. 235 മത്സരങ്ങളില്‍ നിന്നായിരുന്നു ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായ സച്ചിന്‍ 9000 പിന്നിട്ടത്. ബ്രയാന്‍ ലാറ(239), റിക്കി പോണ്ടിംഗ്(242), ജാക് കാലിസ്(242), എംഎസ് ധോണി(244), മുഹമ്മദ് യൂസഫ്(245), രാഹുല്‍ ദ്രാവിഡ്(259) അതിവേഗം 9000 പിന്നിട്ടവരില്‍ ആദ്യ പത്തിലുള്ള താരങ്ങള്‍.