മിഡില്‍‌സെക്‌സുമായി എ ബി ഡിവില്ലിയേഴ്‌സ് കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്. ഈ ആഴ്‌ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും സൂചന.

ലണ്ടന്‍: ടി20 ബ്ലാസ്റ്റില്‍ മിഡില്‍‌സെക്‌സ് ക്രിക്കറ്റ് ക്ലബുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ സൂപ്പര്‍ താരം എ ബി ഡിവില്ലിയേഴ്‌സ് കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്. ഈ ആഴ്‌ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ക്രിക്‌ബസ് റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ മധ്യത്തിലാണ് ടി20 ബ്ലാസ്റ്റിന്‍റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. 

എബിഡിയെ വലയിലാക്കി ഈ സീസണില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കാനാണ് മിഡില്‍‌സെക്‌സ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം വിജയിച്ച് ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായിരുന്നു മിഡില്‍സെക്‌സ്. കഴിഞ്ഞ വര്‍ഷം മെയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എബിഡി വിവിധ ടി20 ലീഗുകളില്‍ തുടര്‍ന്നും കളിക്കുകയായിരുന്നു. 

ടി20 കരിയറില്‍ 272 മത്സരങ്ങളില്‍ നിന്ന് 36 ശരാശരിയില്‍ 7300ലേറെ റണ്‍സ് എ ബി ഡിവില്ലിയേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. 149 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. മൂന്ന് സെഞ്ചുറികളും 52 അര്‍ദ്ധ സെഞ്ചുറുകളും അടിച്ചുകൂട്ടി.