അബുദാബി: എ എഫ് ‌സി ഏഷ്യന്‍ കപ്പില്‍ തായ്‌ലന്‍ഡിനെതിരെ കളിച്ച അതേ ടീമിനെ യു എ ഇക്കെതിരെ ഇന്ത്യ നിലനിര്‍ത്തി. സുനില്‍ ഛേത്രി നയിക്കുന്ന ടീമില്‍ മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും പന്തുതട്ടും. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ ജെജെ ലാല്‍പെഖുലയെ ആദ്യ ഇലവനിലേക്ക് പരിഗണിച്ചില്ല. 

മുന്നേറ്റത്തില്‍ ഛേത്രി- ആഷിക് സഖ്യവും പ്രതിരോധത്തില്‍ അനസ്- ജിംഗാന്‍ സഖ്യവുമാണ് കളി നിയന്ത്രിക്കുക. തിങ്ങിനിറഞ്ഞ മലയാളി ആരാധകര്‍ക്ക് മുന്നിലാകും ഇന്ത്യ പന്തുതട്ടുക.  

ഇന്ത്യന്‍ ഇലവന്‍

ഗുര്‍പ്രീത് സിംഗ്, സുബാശിഷ് ബോസ്, സന്ദേശ് ജിംഗാന്‍, അനിരുദ്ധ് ഥാപ്പ, സുനില്‍ ഛേത്രി, ആഷിഖ് കുരുണിയന്‍, പ്രണായി ഹാല്‍ഡര്‍, ഉദാന്ദ സിംഗ്, ഹാളിചാരണ്‍ നര്‍സാരി, പ്രീതം കോട്ടാല്‍, അനസ് എടത്തൊടിക. 

ആദ്യ മത്സരത്തില്‍ ഇന്ത്യ തായ്‌ലന്‍ഡിനെ 4-1ന് പരാജയപ്പെടുത്തിയിരുന്നു. സുനില്‍ ഛേത്രി ഇരട്ട ഗോളും അനിരുദ്ധ് ഥാപ്പയും ജെജെ ലാല്‍പെഖുലയും ഓരോ ഗോളും നേടി. ചാമ്പ്യന്‍ഷിപ്പില്‍ 55 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ വിജയിക്കുന്നത്. 1964ലായിരുന്നു ഇതിന് മുന്‍പ് ഇന്ത്യയുടെ ജയം. ഏഷ്യന്‍ കപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയമാണിത്. ഈ വിജയഗാഥ തുടരാനാണ് ഛേത്രിയും സംഘവും ഇറങ്ങുന്നത്.