അബുദാബി: എ എഫ് സി ഏഷ്യന്‍ കപ്പില്‍ ബൂട്ടണിയുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ആശംസകളുമായി ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ്. ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ സ്‌പിന്നര്‍ ടീമിന് ആശംസകള്‍ കൈമാറിയത്.

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ മത്സരം കാണാനുള്ള ആകാംക്ഷയിലാണ്. ടീമിന് എല്ലാവിധ ആശംസകളും നേരുന്നു. നമ്മള്‍ കപ്പടിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായും ട്വിറ്ററില്‍ കുല്‍ദീപ് യാദവ് കുറിച്ചു. ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലാണ് കുല്‍ദീപുള്ളത്. 

ഏഷ്യന്‍ കപ്പില്‍ നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ നാളെ വൈകിട്ട് ഏഴിന് തായ്‍ലൻഡിനെ നേരിടും. 1964ലെ റണ്ണേഴ്സ് അപ്പായ ഇന്ത്യ 1984ലും 2011ലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. ഏഴ് വർഷം മുൻപ് കളിച്ച ടീമിലെ രണ്ടുപേർ മാത്രമാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീമിലുള്ളത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഗോളി ഗുർപ്രീത് സിംഗ് സന്ധുവും.

അനസ് എടത്തൊടികയും ആഷിക് കുരുണിയനുമാണ് ടീമിലെ മലയാളി സാന്നിധ്യം. ഗ്രൂപ്പ് എയിൽ ബഹറിനും യു എ ഇയുമാണ് ഇന്ത്യയുടെ മറ്റ് എതിരാളികൾ