കരിയറില്‍ കണ്ട ഏറ്റവും മികച്ച പരിശീലകനാണ് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈന്‍ എന്ന് മലയാളി ഫുട്ബോളര്‍ ആശിഖ് കുരുണിയന്‍. ഇന്ത്യന്‍ താരങ്ങളുടെ പ്രതിഭ അദേഹത്തിന് നന്നായി അറിയാം. ഇന്ത്യന്‍ താരങ്ങള്‍ ഇതുവരെ എന്തുചെയ്‌തെന്നും ഇനി എന്തുചെയ്യാനാകുമെന്നും അറിയാം. തന്‍റെ ടീമിലേക്കുള്ള കൃത്യമായ താരങ്ങളെ തെര‍ഞ്ഞെടുക്കാന്‍ അദേഹത്തിന് അറിയാമെന്നും അഷിഖ് കുരുണിയന്‍ ഗോള്‍ ഡോട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  

എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ടൂര്‍ണമെന്‍റാണ് എ എഫ്‌ സി ഏഷ്യന്‍ കപ്പ്. ഇന്ത്യന്‍ ടീമില്‍ അംഗമായതില്‍ അഭിമാനമുണ്ട്. ടീമിലെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ദേശീയ ടീമില്‍ ഇടംപിടിച്ചതില്‍ ഭാഗ്യവാനാണ്. ചാമ്പ്യന്‍ഷിപ്പിനായി മികച്ച തയ്യാറെടുപ്പുകളാണ് നടത്തുന്നത്. ദേശീയ ക്യാമ്പിലെത്തിയ ശേഷം ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനായി. തന്‍റെ കളിശൈലിക്ക് അനുകൂലമായ എന്താണ് എന്നില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന് കോണ്‍സ്റ്റന്‍റൈന്‍ പറയാറുണ്ടെന്നും ആഷിഖ് പറഞ്ഞു.

ഐഎസ്എല്‍ അഞ്ചാം സീസണില്‍ പുനെ സിറ്റിക്കായി മികച്ച പ്രകടനം കാഴ്‌ച്ചവെക്കുന്നതാണ് ആശിഖിന് ദേശീയ ടീമിലേക്കുള്ള വഴിതുറന്നത്. വിങ് ബാക്കായും ലെഫ്റ്റ് വിങ്ങറായും തിളങ്ങാന്‍ ആശിഖിനായിരുന്നു. ഈ സീസണില്‍ 12 മത്സരങ്ങള്‍ കളിക്കാനായത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മലയാളി താരം. എന്നാല്‍ ഐഎസ്എല്ലിനെയും ഏഷ്യന്‍ കപ്പിനെയും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ആശിഖ് കുരുണിയന്‍ പറഞ്ഞു. അനസ് എടത്തൊടികയാണ് ടീമിലുള്ള മറ്റൊരു മലയാളി.