അബുദാബി: എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഇരട്ട ഗോള്‍ നേടി ഇന്ത്യന്‍ താരം സുനില്‍ ഛേത്രി ചരിത്രനേട്ടത്തില്‍. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി ഛേത്രി. അര്‍ജന്‍റീനന്‍ ഇതിഹാസം ലിയോണല്‍ മെസിയെയാണ് പിന്തള്ളിയത്. 

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് പട്ടികയില്‍ ഛേത്രിക്ക് മുന്നിലുള്ളത്. തായ്‌ലന്‍ഡിനെതിരെ രണ്ട് തവണ വലകുലുക്കിയതോടെ ഛേത്രിയുടെ ഗോള്‍ സമ്പാദ്യം 67ലെത്തി. ലിയോണല്‍ മെസി 65 ഗോളുകളാണ് നേടിയിട്ടുള്ളത്. പട്ടികയില്‍ മുന്നിലുള്ള റൊണാള്‍ഡോയ്ക്ക് 85 ഗോളാണുള്ളത്.

ഛേത്രി മിന്നലായ മത്സരത്തില്‍ തായ്‌ലന്‍ഡിനെ 4-1ന് ഇന്ത്യ പരാജയപ്പെടുത്തി. അനിരുദ്ധ് ഥാപ്പയും ജെജെ ലാല്‍പെഖുലയുമാണ് മറ്റ് ഗോള്‍വീരന്‍മാര്‍. തേരാസിലിന്‍റെ വകയായിരുന്നു തായ്‌ലന്‍ഡിന്‍റെ ഏക മറുപടി. ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച വിജയമാണിത്.