ദോഹ:എഎഫ്‌സി കപ്പ് ഫൈനലിൽ ബംഗലൂരു എഫ് സിയ്ക്ക് തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിന് ഇറാഖ് എയർഫോഴ്സ് ക്ലബ്ബാണ് ബംഗലൂരുവിനെ കീഴടക്കിയത്. എഴുപതാം മിനിറ്റിൽ ഹമാദി അഹമ്മദാണ് നിർണായക ഗോൾ നേടിയത്.

ചരിത്രത്തിലാദ്യമായി എഎഫ്‌സി കപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ടീമായി ചരിത്രം കുറിച്ച ബംഗലൂരു ഫൈനലിലും വീരോചിതമായി പൊരുതി. ആദ്യപകുതിയില്‍ ഇറാഖിന്റെ ആക്രമണങ്ങള്‍ക്ക് ബംഗലൂരു പ്രതിരോധത്തില്‍ തട്ടിതകര്‍ന്നു. ഇറാഖ് എയര്‍ഫോഴ്സ് ടീം ആക്രമണത്തില്‍ ശ്രദ്ധയൂന്നിയപ്പോള്‍ ബംഗലൂരവിന്റെ കളി ഭൂരിഭാഗവും സ്വന്തം ഹാഫില്‍ ഒതുങ്ങി.

42-ാം മിനിട്ടില്‍ ഇറാഖി ക്ലബ്ബ് ഗോളിനടുത്തെത്തെയെങ്കിലും റാല്‍ട്ടെ രക്ഷകനായി. ആദ്യപകുതിയില്‍ മുപ്പതാം മിനിട്ടുലിണ് ബംഗലൂരു ആദ്യമായി ഗോളിലേക്ക് ലക്ഷ്യം വെച്ചത്.ആല്‍വിന്‍ ജോര്‍ജിന്റെ മനോഹരമായ പാസില്‍ ലിംഗ്ദോ ഹെഡ് ചെയ്തെങ്കിലും പുറത്തുപോയി.

രണ്ടാം പകുതിയില്‍ ഇറാഖ് എയര്‍ഫോഴ്‍സിന്റെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും ബംഗലൂരു പ്രതിരോധം വിറച്ചു. ഒടുവില്‍ ഇറാഖ് ടീമിന് 70ാം മിനിട്ടില്‍ അതിന്റെ ഫലം കിട്ടി. ഹമാദി അഹമ്മദിലൂടെ എയര്‍ഫോഴ്സ് മുന്നിലത്തി. ടൂര്‍ണമെന്റില്‍ ഹമാദിയുടെ പതിനാറാം ഗോളായിരുന്നു ഇത്. സെമിയില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ബംഗലൂരു ഇറങ്ങിയത്. അമരീന്ദര്‍ സിംഗിന് പകരം ലാല്‍തുവാമാവിയ റാല്‍ട്ടെ ആദ്യ ഇലവനില്‍ ഇറങ്ങി.