ബംഗലൂരു: ഐഎപിഎല്‍ താരലേലത്തില്‍ അഫ്ഗാനിസ്ഥാന്റെ കൗമാരതാരം മുജീബ് സദ്രാന് പൊന്നുംവില. 50 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന സദ്രാനെ നാലു കോടി നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. അഫ്ഗാനിസ്ഥാന് വേണ്ടി കഴിഞ്ഞ വര്‍ഷം ദേശീയ ടീമില്‍ അരങ്ങേറ്റംകുറിച്ച സദ്രാന്‍ ഓഫ് ബ്രേക്ക് ബൗളറാണ്. സദ്രാനുവേണ്ടി മുംബൈയും ഡല്‍ഹിയും പഞ്ചാബും വാശിയേറിയ ലേലം വിളിയാണ് നടത്തിയത്.
ഇപ്പോള്‍ നടക്കുന്ന അണ്ടര്‍-19 ലോകകപ്പില്‍ അഫ്ഗാനായി സദ്രാന്‍ മികച്ച പ്രകടനം നടത്തിയതാണ് വന്‍തുക നല്‍കി സ്വന്തമാക്കാന്‍ ടീമുകളെ പ്രലോഭിപ്പിച്ചത്. ലോകകപ്പ് ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡിനെ അട്ടിമറിച്ച് അഫ്ഗാന്‍ ചരിത്രത്തിലാദ്യമായി സെമിയിലെത്തിയപ്പോള്‍ 14 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത് സദ്രാന്‍ തിളങ്ങിയിരുന്നു.
അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന് 9 കോടി രൂപ നല്‍കി സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തിയതിന് പിന്നാലെയാണ് മറ്റൊരു അഫ്ഗാന്‍താരത്തിന് കൂടി താരലേലത്തില്‍ പൊന്നുംവില ലഭിച്ചിരിക്കുന്നത്.
