ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരേ അഫ്ഗാനിസ്ഥാന് 250 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. 74 റണ്‍സ് നേടിയ മഹ്മുദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

അബുദാബി: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരേ അഫ്ഗാനിസ്ഥാന് 250 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. 74 റണ്‍സ് നേടിയ മഹ്മുദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. അഫ്ഗാനായി അഫ്താബ് ആലം മൂന്ന് വിക്കറ്റ് വീഴ്ത്തി. ഈ മത്സരത്തില്‍ പരാജയപ്പെടുന്നവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും.

തകര്‍ച്ചയോടെയായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. 18 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ നസ്മുള്‍ ഹൊസൈന്‍ (6), മുഹമ്മദ് മിഥുന്‍ (1) എന്നിവരെ ബംഗ്ലാദേശിന് നഷ്ടമായി. പിന്നീട് ലിറ്റണ്‍ ദാസ് (41), മുശ്ഫികുര്‍ റഹീം (33) എന്നിവര്‍ ബംഗ്ലാദേശിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. ഇവര്‍ക്ക് രണ്ട് പേര്‍ക്ക് പുറമെ ഷാക്കിബ് അല്‍ ഹസന്‍ കൂടി മടങ്ങിയത് അവര്‍ക്ക് തിരിച്ചടിയായി. 

എങ്കിലും ഇമ്രുല്‍ കയിസ് (72*), മഹ്മുദുള്ള എന്നിവരുടെ പ്രകടനം ബംഗ്ലാദേശിനെ 250നടുത്ത് എത്തിച്ചു. രണ്ട് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു മഹ്മുദുള്ളയുടെ ഇന്നിങ്‌സ്. കയിസ് ആറ് ഫോര്‍ നേടി. മഹ്മുദുള്ളയ്ക്ക് ശേഷം ക്രീസിലെത്തിയ മഷ്‌റഫെ മൊര്‍ത്താസ 10 റണ്‍ നേടി പുറത്തായപ്പോള്‍, മെഹ്ദി ഹസന്‍ അഞ്ച് റണ്‍സുമായി പുറത്താവാതെ നിന്നു. അഫ്താബിന് പുറമെ മുജീബ് റഹ്മാന്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.