ടോസ് നേടിയ അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു.

ഹരാരെ: അഫ്ഗാനിസ്ഥാന്‍ തുടര്‍ച്ചയായ രണ്ടാം തവണ ഏകദിന ലോകകപ്പിന്. യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് അഫ്ഗാന്‍ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറുന്നത്. ടോസ് നേടിയ അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാല്‍ ആവശ്യമായ സമയത്ത് വേണ്ടപോലെ റണ്‍റേറ്റ് ഉയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചില്ല.

പോള്‍ സ്‌റ്റെര്‍ലിങ് (55), നിയാല്‍ ഒബ്രിയാന്‍ (36), കെവിന്‍ ഒബ്രിയാന്‍ (41) എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. അഫ്ഗാന് വേണ്ടി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച അഫ്ഗാനിസ്ഥാന് അവസാന ഓവറിലാണ് വിജയം കണ്ടത്. ഓപ്പണര്‍മാരായ മുഹമ്മദ് ഷെഹ്‌സാദ് (54) ഗുല്‍ബാദിന്‍ നെയ്ബ് (45) എന്നിവര്‍ തകര്‍പ്പന്‍ തുടക്കമാണ് അഫ്ഗാന് നല്‍കിയത്.

ഇവര്‍ പുറത്തായ ശേഷം ശ്രദ്ധയോടെ ബാറ്റ് ചെയ്ത അഫ്ഗാന്‍ അഞ്ച് പന്ത് മാത്രം ശേഷിക്കെ വിജയം കണ്ടു. 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്‌സായ് പുറത്താവാതെ നിന്നു. നേരത്തെ സിംബാബ്‌വെ യുഎഇയോട് തോറ്റതോടെയാണ് ഇരുവര്‍ക്കും ലോകകപ്പിലേക്ക് സാധ്യത തെളിഞ്ഞത്. സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസും നേരത്തെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു.