വാൻഗരി: അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ അദ്ഭുതം തുടരുകയാണ്. രണ്ടാം മത്സരത്തിൽ കരുത്തരായ ശ്രീലങ്കയെ അഫ്ഗാൻ കുട്ടികൾ 32 റണ്‍സിന് തോൽപ്പിച്ചു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരേയും അഫ്ഗാൻ വിജയം കൊയ്തിരുന്നു. ഇതോടെ രണ്ടു ജയവുമായി അഫ്ഗാൻ ക്വാർട്ടർ ഉറപ്പിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 50 ഓവറിൽ ഏഴ് വിക്കറ്റിന് 284 റണ്‍സ് നേടി. മഴ തടസമായി എത്തിയ മത്സരത്തിൽ ശ്രീലങ്കയുടെ വിജയലക്ഷ്യം 38 ഓവറിൽ 235 ആയി പുനർനിർണയിച്ചു. എന്നാൽ ലങ്ക 37.3 ഓവറിൽ 202 റണ്‍സിന് എല്ലാവരും പുറത്തായി.

ഇബ്രാഹിം സാദ്രൻ (86), ഡാർവിഷ് റസൂലി (63), ഇക്രാം അലി ഖിൽ (55) എന്നിവരുടെ അർധ സെഞ്ചുറികളാണ് അഫ്ഗാന് മികച്ച സ്കോർ സമ്മാനിച്ചത്. 48 റണ്‍സ് നേടിയ ജെഹാൻ ഡാനിയേലാണ് ലങ്കയുടെ ടോപ്പ് സ്കോറർ. നന്നായി പൊരുതിയ ലങ്കയുടെ വാലറ്റം തകർന്നതാണ് തിരിച്ചടിയായത്.

ഗ്രൂപ്പ് ഡിയിൽ രണ്ടു ജയവുമായി അഫ്ഗാൻ ക്വാർട്ടറിൽ കടന്നു. ഇതോടെ പാക്കിസ്ഥാൻ-ശ്രീലങ്ക മത്സരം നിർണായകമായി. തോൽക്കുന്നവർ ലോകകപ്പിൽ നിന്നും പുറത്താകും. അഫ്ഗാന്‍റെ മൂന്നാം മത്സരം അയർലൻഡിനെതിരേയാണ്. ആദ്യ രണ്ടു മത്സരവും തോറ്റ അയർലൻഡ് പുറത്തായിക്കഴിഞ്ഞു.