ബാഴ്‌സലോണ: ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും രംഗത്ത്. സിറ്റി മാനേജ്മെന്‍റ് മെസിയുടെ ഏജന്‍റുമായി കൂടിക്കാഴ്ച നടത്തി. മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കാന്‍ കോച്ച് പെപ് ഗാര്‍ഡിയോള ശ്രമം തുടങ്ങിയിട്ട് നാളുകളേറെയായി. ഇത്തവണ പക്ഷേ, കാര്യങ്ങള്‍ ഗാര്‍ഡിയോളയുടെ വഴിയേ ആണെന്നാണ് സൂചനകള്‍.

ബാഴ്‌സലോണയില്‍ മെസി കൂടുതല്‍ അതൃപ്തനാണ്. നെയ്മറെ ടീമില്‍ നിലനിര്‍ത്താത്തതും ബാഴ്‌സയുടെ പുതിയ താരകൈമാറ്റ തീരുമാനങ്ങളും മെസിയെ ചൊടുപ്പിച്ചിരിക്കുന്നു. ഇതിനിടെയാണ് 300 ദശലക്ഷം പൗണ്ട് മെസിക്കായി സിറ്റി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത്തവണ മെസിയുടെ ഏജന്റുമായി സിറ്റി ആദ്യവട്ട ചര്‍ച്ചയും പൂര്‍ത്തിയാക്കി. ബാഴ്‌സയുമായി നാലുവ‍ര്‍ഷത്തേക്ക് കരാര്‍ നീട്ടാന്‍ ധാരണ ആയെങ്കിലും മെസി ഇതുവരെ ഒപ്പുവച്ചിട്ടില്ല.

ഇതും ഗാര്‍ഡിയോളയ്‌ക്ക് പ്രതീക്ഷ നല്‍കുന്നു. പുതിയ കരാറില്‍ ആഴ്ചയില്‍ ഒരു ദശലക്ഷം പൗണ്ടാണ് ബാഴ്‌സയില്‍ മെസിയുടെ പ്രതിഫലം. ഇതിനേക്കാള്‍ ഉയര്‍ന്ന തുകയാവും സിറ്റി മെസിക്ക് പ്രതിവാരം നല്‍കുക. നെയ്മറിന് പിന്നാലെ മെസികൂടി ടീം വിടുകയാണെങ്കില്‍ ബാഴ്‌സ വന്‍പ്രതിസന്ധിയിലാവും.30കാരനായ മെസ്സി ലാലീഗയില്‍ 349 ഗോള്‍ നേടിയിട്ടുണ്ട്.

ലാലീഗയിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ മെസിയുടെ മികവിലാണ് ബാഴ്‌സ സമീപകാലത്ത് ട്രോഫികള്‍ വാരിക്കൂട്ടിയത്.