പൂനെ: ഇന്ത്യാ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തിന് വേദിയാവുന്ന പൂനെയിലെ പിച്ചിനെച്ചൊല്ലി പുതിയ വിവാദം. പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് വാതപവെപ്പുകാരനെന്ന രീതിയില്‍ സമീപിച്ച മാധ്യമപ്രവര്‍ത്തകനോട് വെളിപ്പെടുത്തിയ ക്യൂറേറ്റര്‍ പാണ്ഡുരംഗ് സാല്‍ഗോവങ്കറെ ബിസിസിഐ പുറത്താക്കി. ഇന്ത്യ ടുഡെ ടിവി നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിലാണ് ക്യൂറേറ്റര്‍ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് വിശദമായി വെളിപ്പെടുത്തിയത്. വാതുവെപ്പുകാരനുവേണ്ടി പിച്ചില്‍ കൃത്രിമം ചെയ്യാന്‍ തയാറാണെന്ന് പാണ്ഡുരംഗ് വീഡിയോയില്‍ വെളിപ്പെടുത്തി. ഇന്നലെ വൈകിട്ടാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ഇന്ത്യ ടുഡെ ടിവി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

വാതുവെപ്പുകാരുടെ ആവശ്യത്തിനനുസരിച്ച് പിച്ചില്‍ പാണ്ഡുരംഗ് മാറ്റങ്ങള്‍ വരുത്തിയോ എന്ന കാര്യം വ്യക്തമല്ല. സംഭവം പുറത്തായതോടെ പാണ്ഡുരംഗിനെ ക്യൂറേറ്റര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതായി മഹരാഷ്ട്രാ ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പിറക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കാനും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ താരുമാനിച്ചു.

ബിസിസിഐയുടെ അഴിമതിവിരുദ്ധ സെല്ലിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരവീഴ്ചയുണ്ടെന്ന് തെളിയിക്കുന്നതാണ് സംഭവം. പിച്ചിന് സമീപത്തുവെച്ചാണ് ക്യൂറേറ്റര്‍ മാധ്യമപ്രവര്‍ത്തകനോട് പിച്ചിന് സമീപം നിന്നാണ് ക്യൂറേറ്റര്‍ സംസാരിക്കുന്നത്. പിച്ചിന് സമീപം ചെല്ലാന്‍ ടീം ക്യാപ്റ്റന്‍മാരെ അല്ലാതെ മറ്റാരെരയും അനുവദിക്കരുതെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കെ വാതുവെപ്പുകാരനായി രംഗത്തെത്തിയ മാധ്യമപ്രവര്‍ത്തകന് എങ്ങനെ പിച്ചിന് അടുത്തെത്താനായി എന്നതും ബിസിസിഐക്ക് തലവേദനയുണ്ടാക്കുന്ന കാര്യമാണ്. അതേസമയം, പുതിയ വിവാദം ഇന്നത്തെ മത്സരത്തെ ബാധിക്കില്ലെന്നും മത്സരം മുന്‍നിശ്ചയപ്രകാരം നടക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.