ദില്ലി: അണ്ടര്‍ 17 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ കോച്ച് നിക്കോളയ് ആഡത്തെ പുറത്താക്കിയെന്ന വാര്‍ത്ത നിഷേധിച്ച് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്). ടീമിന്റെ സമീപകാലത്തെ മോശം പ്രകടനത്തെ തുടര്‍‍ന്ന് എ ഐ എഫ് എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ജര്‍മ്മന്‍ കോച്ചിനോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു വാര്‍ത്ത.

2015 ആദ്യമാണ് നിക്കോളായ് ആഡം ഇന്ത്യന്‍ അണ്ടര്‍ 17 ടീമിന്റെ പരിശീലകനായത്. എന്നാല്‍ സമീപകാലത്ത് അണ്ടര്‍ 16 എഎഫ്‌സി ചാമ്പ്യന്‍ഷിപ്പിലും ബ്രിക്സ് കപ്പിലും ഇന്ത്യക്ക് തിളങ്ങാനായിരുന്നില്ല. ഇതാണ് പുറത്താക്കലിന് കാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. റഷ്യയില്‍ കഴി‌ഞ്ഞ ദിവസം സമാപിച്ച ഗ്രനാറ്റ്കിന്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ഏറ്റവും അവസാന സ്ഥാനത്തായിരുന്നു.പതിനാറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ പ്രഫുല്‍ പട്ടേല്‍ ആഡവുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും അദ്ദേഹത്തെ പുറത്താക്കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ടീമിന്റെ പ്രകടനം മെച്ചെപ്പെടുത്താനുള്ള കാര്യങ്ങളും അണ്ടര്‍ 17 ലോകകപ്പിന് മുമ്പ് മികച്ച ടീമിനെ സജ്ജമാക്കാനുള്ള പദ്ധതികളുമാണ് പ്രഫുല്‍ പട്ടേല്‍ ആഡവുമായി ചര്‍ച്ച ചെയ്തതെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.