രണ്ട് മലയാളി ഫുട്‌ബോള്‍ താരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ക്കെതിരെ ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടപടി സ്വീകരിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് താരം എം.പി. സക്കീര്‍, ഗോകുലം കേരള എഫ്‌സിയുടെ അര്‍ജുന്‍ ജയരാജ് എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് എഐഎഫ്എഫ് നടപടി സ്വീകരിക്കുക.

ദില്ലി: രണ്ട് മലയാളി ഫുട്‌ബോള്‍ താരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ക്കെതിരെ ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടപടി സ്വീകരിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് താരം എം.പി. സക്കീര്‍, ഗോകുലം കേരള എഫ്‌സിയുടെ അര്‍ജുന്‍ ജയരാജ് എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് എഐഎഫ്എഫ് നടപടി സ്വീകരിക്കുക. കളത്തിലെ അച്ചടക്ക ലംഘനത്തിനാണ് ശിക്ഷ. 

ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരതാരം സക്കീറിനാണ് കടുത്ത ശിക്ഷ ലഭിച്ചത്. താരത്തിന് അടുത്ത ആറ് മാസം കളത്തിലിറങ്ങാന്‍ സാധിക്കില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിക്കെതിരെ ചുവപ്പ് കാര്‍ഡ് മേടിച്ച ശേഷം പന്ത് റഫറിക്ക് നേരെ എറിഞ്ഞതിനാണ് സക്കീറിന് വിനായത്. അര്‍ജുന്‍ ജയരാജാണ് വിലക്ക് കിട്ടിയ മറ്റൊരു മലയാളി. ചെന്നൈ സിറ്റിക്കെതിരെ കൈയാങ്കളിക്ക് രണ്ട് മത്സരങ്ങളില്‍ വിലക്കും രണ്ട് ലക്ഷം പിഴയുമാണ് അര്‍ജുനെതിരായ നടപടി.

ചര്‍ച്ചില്‍ ബ്രദേഴ്‌സ് താരം ആന്റണി വോള്‍ഫെയ്ക്കും രണ്ട് മത്സരത്തില്‍ വിലക്കും രണ്ട് ലക്ഷം രൂപ പിഴയും എ ഐ എഫ് എഫ് വിധിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാളിനെതിരെ മോശം ടാക്കിള്‍ നടത്തിയതാണ് താരത്തെ കുടുക്കിയത്. വംശീയാധിക്ഷേപം നടത്തിയതിന് ജംഷഡ്പുര്‍ വിദേശ താരം കാര്‍ലോസ് കാല്വോയെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കി. രണ്ട് ലക്ഷം പിഴ വേറെയും. ഡല്‍ഹി ഡൈനാമോസ് താരത്തെ എല്‍ബോയിട്ടതിന് ചെന്നൈയിന്റെ വിദേശ താരം മെയില്‍സണ്‍ ആല്‍വസിന് രണ്ട് ലക്ഷം പിഴയും മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കുമാണ് ഏര്‍പ്പെടുത്തിയത്.