ന്യൂസിലന്‍ഡ് പര്യടനം ഇന്ത്യ എ ടീമിലുള്ള സീനിയര്‍ താരങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. മരളി വിജയ്, പൃഥ്വി ഷാ, ഹനുമ വിഹാരി, അജിന്‍ക്യ രഹാനെ എന്നിവരെല്ലാം ഇന്ത്യ എ ടീമില്‍ കളിക്കുന്നുണ്ട്.

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പര്യടനം ഇന്ത്യ എ ടീമിലുള്ള സീനിയര്‍ താരങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. മരളി വിജയ്, പൃഥ്വി ഷാ, ഹനുമ വിഹാരി, അജിന്‍ക്യ രഹാനെ എന്നിവരെല്ലാം ഇന്ത്യ എ ടീമില്‍ കളിക്കുന്നുണ്ട്. മൂന്ന് വീതം ഏകദിനങ്ങളും അനൗദ്യോഗിക ടെസ്റ്റുമാണ് ഇന്ത്യ കളിക്കുക. നാളെയാണ് ആദ്യ ടെസ്റ്റ്.

ദ്രാവിഡ് തുടര്‍ന്നു... ഇത്തരം രാജ്യങ്ങളില്‍ പര്യടനത്തിന് മുന്‍പ് ഇവിടെ പരിശീലന മത്സരള്‍ കളിക്കുന്നത് നല്ലതാണ്. സീനിയര്‍ ടീമില്‍ കളിക്കുന്ന താരങ്ങള്‍ക്കെല്ലാം ഈ ടൂര്‍ ഗുണം ചെയ്യും. ഓസ്‌ട്രേലിയയില്‍ ഇതേ സാഹചര്യം അല്ലെങ്കിലും ന്യൂസിലന്‍ഡ് പരമ്പരയിലെ പരിചയസമ്പത്ത് ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. 

സീനിയര്‍ താരങ്ങളുടെ പ്രകടനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കായി ടീമിനെ ഒരുക്കുകയാണ് ലക്ഷ്യം. ജൂനിയര്‍ താരങ്ങള്‍ക്ക് സീനിയര്‍ താരങ്ങളുമായി ഡ്രസിങ് റൂം പങ്കിടാനുള്ള അപൂര്‍വ അവസരം കൂടിയാണ് വന്ന് ചേര്‍ന്നിരിക്കുന്നത്. എല്ലാം അനുകൂലമായി സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും ദ്രാവിഡ്. 

ആദ്യ ടെസ്റ്റില്‍ സീനിയര്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക. തുടര്‍ന്നുള്ള രണ്ട് ടെസ്റ്റിലും കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമിന്റെ നായകനാവും. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇരുവരും രാഹുല്‍ ദ്രാവിഡിന് കീഴില്‍ കളിക്കുന്നത്.