ദുബായ്: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനം അജിങ്ക്യാ രഹാനെയെ ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിലെത്തിച്ചു. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രഹാനെ ഏറ്റവും പുതിയ റാങ്കിംഗില്‍ എട്ടാം സ്ഥാനത്താണ്. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ഒന്നാം സ്ഥാനത്തുള്ള റാങ്കിംഗില്‍ രഹാനെ മാത്രമാണ് ആദ്യ പത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യം.

ബാറ്റിംഗ് റാങ്കിംഗില്‍ സ്മിത്തിന് പിന്നാലെ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ആണ് രണ്ടാം സ്ഥാനത്ത്. കെയ്ന്‍ വില്യാംസണ്‍, ഹാഷിം അംല, യൂനുസ് ഖാന്‍, ആദം വോജസ്, എ.ബി.ഡിവില്ലിയേഴ്സ്, റോസ് ടെയ്‌ലര്‍, അലിസ്റ്റര്‍ കുക്ക് എന്നിവരാണ് രഹാനെയ്ക്ക് പുറമെ ആദ്യ പത്തിലുള്ളവര്‍. പതിമൂന്നാം സ്ഥാനത്തുണ്ടായിരുന്ന ടെസ്റ്റ് നായകന്‍ വിരാട് കൊഹ്‌ലി മൂന്ന് സ്ഥാനങ്ങള്‍ താഴോട്ടിറങ്ങി പതിനാറാം സ്ഥാനത്തായി.

ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണ്‍ ഒന്നാം സ്ഥാനത്തുള്ള ബൗളര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തും ജഡേജ ആറാം സ്ഥാനത്തുമാണ്. ഓള്‍ റൗണ്ടര്‍മാരില്‍ അശ്വിന്‍ തന്നെയാണ് ഒന്നാമത്. ബൗളര്‍മാരില്‍ ആന്‍ഡേഴ്സണും അശ്വിനും പിന്നില്‍ ഡെയ്ല്‍ സ്റ്റെയിന്‍ മൂന്നാമതാണ്. സറ്റുവര്‍ട്ട് ബ്രോഡ്, യാസിര്‍ ഷാ, മിച്ചല്‍ സ്റ്റാര്‍ക്ക്, രങ്കണ ഹെറാത്ത്, ട്രെന്റ് ബോള്‍ട്ട്, ജോഷ് ഹേസല്‍വുഡ് തുടങ്ങിയവരാണ് ജഡേജയ്ക്കും അശ്വിനും പുറമെ ആദ്യ പത്തിലുളള ബൗളര്‍മാര്‍.