1966ല്‍ ഇന്ത്യക്കായി അരങ്ങേറിയ വഡേക്കര്‍ 37 ടെസ്റ്റുകളില്‍ ഇന്ത്യക്കായി പാഡ് കെട്ടി. 2113 റണ്‍സാണ് ടെസ്റ്റില്‍ നിന്ന് ആകെ നേടിയത്.

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ അജിത് വഡേക്കര്‍ അന്തരിച്ചു. 77 വയസായിരുന്നു. അസുഖബാധിതനായി ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. 1966ല്‍ ഇന്ത്യക്കായി അരങ്ങേറിയ വഡേക്കര്‍ 37 ടെസ്റ്റുകളില്‍ ഇന്ത്യക്കായി പാഡ് കെട്ടി. 2113 റണ്‍സാണ് ടെസ്റ്റില്‍ നിന്ന് ആകെ നേടിയത്. 

രണ്ട് ഏകദിനങ്ങളിലും ഇന്ത്യക്കായി കളിച്ചു. 1971ല്‍ ശക്തരായ വെസ്റ്റ് ഇന്‍ഡീസിനെതിരേ പരമ്പര വിജയത്തിലേക്ക് നയിച്ചുവെന്നതാണ് അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ മഹത്തായ സംഭാവന. 1990കളില്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഒരു സെഞ്ചുറിയും 14 അര്‍ധസെഞ്ചുറികളും വഡേക്കറിന്റെ പേരിലുണ്ട്. രാജ്യാന്തര കരിയറിലെ ഏക സെഞ്ചുറിയായ 143 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. 

അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ക്രിക്കറ്റിലെ സമഗ്രസംഭാവനയ്ക്കുള്ള സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യ കണ്ട ഏറ്റവും മികച്ച മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍കൂടിയായിരുന്നു വഡേക്കര്‍. ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ 237 മല്‍സരങ്ങളില്‍നിന്നായി 15,380 റണ്‍സും പേരിലാക്കി. നാലുവട്ടം മുംബൈയെ രഞ്ജി ട്രോഫി ജേതാക്കളാക്കിയ വഡേക്കര്‍ 1974ല്‍ വിരമിച്ചു. 1998-99ല്‍ സീനിയര്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി.

ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ കോച്ചായി സേവനമനുഷ്ഠിച്ച ഇന്ത്യക്കാരനാണു വഡേക്കര്‍. 199192 മുതല്‍ 1995-96വരെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു. ലാകകപ്പാണ് അദ്ദേഹത്തെ രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചത്. സെമിയില്‍ ശ്രീലങ്കയോടു തകര്‍ന്നതോടെ അദ്ദേഹം പരിശീലകസ്ഥാനം രാജിവച്ചു.