രാജ്കോട്ട്: ഇന്ത്യന്‍ മണ്ണില്‍ ആതിഥേയർക്കെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്നത് വെല്ലുവിളിയാണെന്ന് ഇംഗ്ളണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക്. അനുഭവ സമ്പത്തുള്ള സ്പിന്നർമാർ ഇല്ലാത്തത് ഇംഗ്ലണ്ടിന്റെ പ്രധാന പോരായ്മയാണെന്നും കുക്ക് പറഞ്ഞു. ബുധനാഴ്ചയാണ് ഇന്ത്യാ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ്. കളിയുടെ എല്ലാ മേഖലകളിലും മികവുകാട്ടുന്ന ഇന്ത്യയുടെ കരുത്ത് സ്വന്തം മൈതാനങ്ങളിൽ ഇരട്ടിയാവുന്നു എന്നാണ് ഇംഗ്ലീഷ് നായകന്റെ വിലയിരുത്തൽ.
അതുകൊണ്ടുതന്നെ ഇന്ത്യൻ മണ്ണിൽ ടെസ്റ്റിലെ ഒന്നാം സ്ഥാനക്കാരെ നേരിടുക എന്നത് വെല്ലുവിളിയാണെ്.അതേസമയം, ഏതു പ്രതികൂല സാഹചര്യവും നേരിടാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് കുക്ക് പറയുന്നു. 2012ല്‍ അഹ്മദാബാദിലെ ആദ്യ ടെസ്റ്റ് പരാജയത്തിന് ശേഷം പരമ്പര തിരിച്ച് പിടിച്ചത് കുക്ക് ചൂണ്ടികാട്ടിയാണ് കുക്കിന്റെ അവകാശ വാദം.
ന്യൂസീലന്‍ഡിനെതിരെ ഇന്ത്യ ടെസ്റ്റിലും ഏകദിനത്തിലും നേടിയ തകർപ്പൻ ജയങ്ങൾ സ്പിൻ മികവിലായിരുന്നു.ഇന്ത്യൻ പിച്ചുകളിൽ അനുഭവ സമ്പത്തുള്ള സ്പിന്നർമാർ ഇല്ലാത്തത് പോരായ്മ തന്നെയാണെന്ന് കുക്ക് സമ്മതിക്കുന്നു. അഞ്ച് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്. അടുത്തിടെ ബംഗ്ലാദേശിനോടേറ്റ പരാജയം തിരിച്ചടിയായെങ്കിലും ഇന്ത്യക്കെതിരെ ഇറങ്ങുമ്പോൾ ബംഗ്ലാദേശ് അനുഭവം ടീമിനെ ബാധിക്കില്ലെന്നും കുക്ക് വ്യക്തമാക്കി. ബംഗ്ലാദേശ് പരമ്പരക്ക് ശേഷമുള്ള ഇന്ത്യൻ പര്യടനം നായകൻ എന്ന നിലയിൽ കുക്കിനും ഏറെ നിർണ്ണായകമാണ്.
