മുംബൈ: റെക്കോര്‍ഡുകളുടെ കളിയാണ് ക്രിക്കറ്റ്. എവിടെതിരിഞ്ഞാലും എന്തെങ്കിലും റെക്കോര്‍ഡിനുള്ള വക ക്രിക്കറ്റിലുണ്ടാകും. അത്തരമൊരു അപൂര്‍വ റെക്കോര്‍ഡിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരു ടീമിലെ 11 പേരും എപ്പോഴെങ്കിലും പന്തെറിഞ്ഞിട്ടുണ്ടാകുമോ. ഉണ്ടെന്നാണ് ഉത്തരം. അതും ഒന്നല്ല മൂന്നുവട്ടം. ഇന്ത്യന്‍ ടീമും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് രസകരമായ കാര്യം.
2002ല്‍ ആന്റ്വിഗയില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടെസ്റ്റിലായിരുന്നു ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പറടക്കം 11 പേരും പന്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 513 റണ്‍സെടുത്തപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 629 റണ്‍സാണെടുത്തത്. വിരസമായ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ അജയ് രത്ര അടക്കം ഇന്ത്യന്‍ ടീമിലെ 11 പേരും പന്തെറിഞ്ഞു. ബാറ്റ്സ്മാന്‍മാരായി മാത്രം കാണാറുള്ള വിവിഎസ് ലക്ഷ്മണ്‍ 17 ഓവറും രാഹുല്‍ ദ്രാവിഡ് ഒമ്പത് ഓവറും വസീം ജാഫര്‍ 11 ഓവറും അജയ് രത്ര ഒരോവറും എറിഞ്ഞുവെന്നതാണ് രസകരം. ഈ മത്സരത്തിലാണ് കുംബ്ലെ തലയില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ബാന്‍ഡേജിട്ട് ബൗള്‍ ചെയ്തത്.(ഇന്ത്യയുടെ 11 പേരും പന്തെറിഞ്ഞ മത്സരത്തിലെ സ്കോര്‍ ബോര്‍ഡ്)
മൂന്ന് വര്‍ഷത്തിനുശേഷം ദക്ഷിണാഫ്രിക്കയും ഇതേ റെക്കോര്‍ഡ് ആവര്‍ത്തിച്ചു. അതും ആന്റിഗ്വയില്‍ വിന്‍ഡീസിനെതിരെ ആയിരുന്നു. 147 ടെസ്റ്റ് കളിച്ചിട്ടുള്ള ദക്ഷിണാഫ്രിക്കന്‍ കീപ്പര്‍ മാര്‍ക്ക് ബൗച്ചര്‍ ഒരേ ഒരു തവണ ബൗളറായും ആ മത്സരത്തിലായിരുന്നു. 1884ല്‍ ഇത്തരത്തില്‍ ആദ്യമായി 11 പേരും പന്തെറിഞ്ഞ മത്സരം അരങ്ങേറിയത്. ഓസ്ട്രേലിയക്കെതിരെ ഇംഗ്ലീഷ് ബൗളര്‍മാരാണ് എറിഞ്ഞു തളര്‍ന്നത്. ആ മത്സരത്തില്‍ ഏറ്റവും മികച്ച ബൗളിംഗ് നടത്തിയത് ഇംഗ്ലീഷ് വിക്കറ്റ് കീപ്പറായ ആല്‍ഫ്രഡ് ലെയ്റ്റല്‍റ്റണ്‍ 19 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി തിളങ്ങിയെന്നതാണ് രസകരമായ മറ്റൊരു കാര്യം.
