ദില്ലി: കേരളാ ടീം കോച്ചായി സ്റ്റീവ് കോപ്പലിനെ ഈ സീസണില്‍ പരിഗണിക്കാതിരുന്നത് കൂടുതല്‍ തുക ആവശ്യപ്പെട്ടതുകൊണ്ടാണെന്ന വെളിപ്പെടുത്തലുമായി ബ്ലാസ്റ്റേഴ്‌സ് ഉടമ നിമ്മഗഡ പ്രസാദ്. ടീം ഉടമയോട് അതേ ഭാഷയില്‍ മറുപടി പറയാനില്ലെന്ന് കോപ്പല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
എല്ലാത്തിനും അപ്പുറം ഇതൊരു ബിസിനസും കൂടെയാണ്. നമുക്ക് എല്ലാവരെയും ഉള്‍പെടുത്താനാകില്ലെന്ന് നിമ്മഗഡ പ്രസാദ് പറഞ്ഞു.
കോച്ചിനായി കൂടുതല്‍ തുകമാറ്റിവെക്കാനാകില്ലെന്നും കളിക്കാരെ തെരഞ്ഞെടുക്കുന്നതടക്കം എല്ലാം നീതിപൂര്‍മായി ചെയ്യേണ്ടതുണ്ടെന്നും നിമ്മഗഡ പ്രസാദ് വ്യക്തമാക്കി.
കേരളാ ബ്ലാസ്റ്റേസ് ഉടമയോട് അതേ ഭാഷയില്‍ മറുപടി പറയുന്നില്ലെന്ന് സ്റ്റീവ് കോപ്പല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു എല്ലാം കഴിഞ്ഞകാര്യങ്ങളാണെന്നായിരുന്നു കോപ്പലിന്റെ മറുപടി.
തന്റെ കഴിവില്‍ വിശ്വാസം ഉള്ളതുകൊണ്ടാണ് ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന ജംഷഡ്പുര്‍ പരിശീലകസ്ഥാനം നല്‍കിയതെന്നും കോപ്പല്‍ വ്യക്തമാക്കി.
കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ആരാധനാപൂര്‍വം 'ആശാന്‍' എന്നു വിളിച്ചിരുന്ന സ്റ്റീവ് കോപ്പല്‍. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ചത് മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ കൂടിയായിരുന്ന കോപ്പലിന്റെ തന്ത്രങ്ങളായിരുന്നു.
