കൊച്ചി: ഇന്ത്യന്‍ ദേശീയ താരവും മലയാളിയുമായ അനസ് എടത്തോടിക അന്താരാഷ്ട്രാ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ഏഷ്യന്‍ കപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ബഹറൈനെതിരെ അനസിന് പരിക്കേറ്റ് ആദ്യ മിനുട്ടില്‍ തന്നെ തിരിച്ചുകയറേണ്ടിവന്നിരുന്നു. മത്സരം പരാജയപ്പെട്ട ഇന്ത്യ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായതിലെ നിരാശയോടെയാണ് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

31 കാരനായ മലപ്പുറം കാരന്‍ ഇന്ത്യന്‍ പ്രതിരോധ നിരയിലെ കരുത്തായിരുന്നു. ഇന്ത്യക്ക് വേണ്ടി 19 മത്സരങ്ങളില്‍ ബൂട്ട്കെട്ടിയിട്ടുള്ള അനസ് ഗോളുകളൊന്നും നേടിയിട്ടില്ല. സെന്‍റര്‍ ബാക്ക് പൊസിഷനില്‍ അനസ് ഇല്ലാത്തത് ഇന്നലത്തെ മത്സരത്തില്‍ പ്രകടമായിരുന്നു. ഫേസ്ബുക്കില്‍ വികാരഭരിതമായ കുറിപ്പ് നല്‍കിയ ശേഷമാണ് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഏറെക്കാലം കളത്തില്‍ തുടരണമെന്നുണ്ടെങ്കിലും ഇതാണ് വിരിക്കാന്‍ പറ്റിയ സമയമെന്ന് കുറിപ്പില്‍ പറയുന്നു. ഒരു പക്ഷെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ നന്നായി തിളങ്ങാന്‍ സാധിച്ചേക്കും. 11 വര്‍ഷത്തോളമായ ഇന്ത്യന്‍  ടീമിലെ സാന്നിധ്യം ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ക്ലബ് ഫുട്ബോളില്‍ താരം തുടരുമെന്നാണ് വ്യക്തമാകുന്നത്. നിലവില്‍ കേരള ബ്ലാസ്റ്റേഴ്സ് താരമായ അനസ് പുനെ എഫ് സി, ദില്ലി ഡൈനാമോസ്, ജംഷദ്പൂര്‍ എഫ് സി എന്നിവര്‍ക്ക് വേണ്ടിയും ഐഎസ്എല്ലില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്.