ലണ്ടന്‍: ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നതായി മുന്‍ ഇംഗ്ലീഷ് നായകനും ലോകോത്തര ഓള്‍റൗണ്ടറുമായ ആന്‍ഡ്രൂ ഫ്ലിന്‍റോഫ്. പരിശീലകനായി ഇംഗ്ലണ്ട് ടീമിനൊപ്പം ചേരാന്‍ താന്‍ ആഗ്രഹിക്കുന്നതായി ഫ്ലിന്‍റോഫ് വെളിപ്പെടുത്തി. നിലവിലെ പരിശീലകന്‍ ട്രവര്‍ ബെയ്ലിസുമായുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെ കരാര്‍ 2019ല്‍ അവസാനിക്കാനിരിക്കേയാണ് ഫ്ലിന്‍റോഫിന്‍റെ രംഗപ്രവേശം. 

ഇംഗ്ലീഷ് പരിശീലകനാകാന്‍ അപേക്ഷ നല്‍കുമെന്നും ഒരിക്കല്‍ തന്‍റെ സ്വപ്നം യാതാര്‍ത്ഥ്യമാകുമെന്നും ഫ്ലിന്‍റോഫ് പറഞ്ഞു. പരിശീലകനായി നിയമിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ആഗ്രഹിച്ചാല്‍ സ്ഥാനമേറ്റെടുക്കും. മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കളിക്കാരെ മാനസികമായി ശക്തിപ്പെടുത്തുകയാണ് പരിശീലകന്‍റെ കടമയെന്ന് വിശ്വസിക്കുന്നതായും മുന്‍ നായകന്‍ പറഞ്ഞു. 

ഇംഗ്ലണ്ടിനായി 79 ടെസ്റ്റും 141 ഏകദിനങ്ങളും ഫ്ലിന്‍റോഫ് കളിച്ച ആന്‍ഡ്രൂ ഫ്ലിന്‍റോഫ് 2010ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പാഡഴിച്ചത്. ടെസ്റ്റില്‍ 3845 റണ്‍സും 226 വിക്കറ്റും ഏകദിനത്തില്‍ 3394 റണ്‍സും 169 വിക്കറ്റും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികളും 44 അര്‍ദ്ധ സെഞ്ചുറികളും സ്വന്തമാക്കിയ ഫ്ലിന്‍റോഫിനെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് വിലയിരുത്തുന്നത്.