വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാടിനെതിരെ കേരളത്തിന് 295 റൺസ് വിജയലക്ഷ്യം. ഓപ്പണർ എൻ ജഗദീശന്റെ (139) സെഞ്ചുറിയാണ് തമിഴ്നാടിന് മികച്ച സ്കോർ സമ്മാനിച്ചത്. കേരളത്തിനായി യുവതാരം ഏദൻ ആപ്പിൾ ടോം 6 വിക്കറ്റ് വീഴ്ത്തി.

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്നാടിനെതിരെ കേരളത്തിന് 295 റണ്‍സ് വിജലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത തമിഴ്നനാട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്‍ ജഗദീശന്‍റെ സെഞ്ചുറി കരുത്തിൽ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തു. ഓപ്പണറായി ഇറങ്ങിയ ജഗദീശന്‍ 126 പന്തില്‍ 139 റണ്‍സെടുത്ത് തമിഴ്നാടിന്‍റെ ടോപ് സ്കോററായപ്പോള്‍ എസ് ആര്‍ ആതിഷ് 33ഉം ആന്ദ്രെ സിദ്ധാര്‍ത്ഥ് 27ഉം ഭൂപതി വൈഷ്ണവ് കുമാര്‍ 35ഉം റണ്‍സെടുത്തു. കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം 6 വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ തമിഴ്നാടിന് ഓപ്പണര്‍മാരായ ജഗദീശനും ആതിഷും ചേര്‍ന്ന് 17.4 ഓവറില്‍ 86 റണ്‍സടിച്ച് മികച്ച തുടക്കമാണ് നല്‍കിയത്.ആതിഷിനെ മടക്കിയ ഏദന്‍ ആപ്പിള്‍ ടോമാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ആന്ദ്രെ സിദ്ധാര്‍ത്ഥിനൊപ്പം ജഗദീശന്‍ തമിഴ്നാടിനെ 150 കടത്തി. ബാബ ഇന്ദ്രജിത്ത്(13) നിരാശപ്പെടുത്തിയപ്പോള്‍ ഭൂപതി വൈഷ്ണവ് കുമാറിനെ കൂട്ടുപിടിച്ച് സെഞ്ചുറി തികച്ച ജഗദീശന്‍ തമിഴ്നാടിനെ 250 കടത്തിയശേഷമാണ് പുറത്തായത്. 9 ഫോറും അഞ്ച് സിക്സും പറത്തി 126 പന്തില്‍ 139 റണ്‍സടിച്ച ജഗദീശനെ ഏദന്‍ ആപ്പിള്‍ ടോമാണ് പുറത്താക്കിയത്.

കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം 46 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തപ്പോള്‍ ബിജു നാരായണനും അങ്കിത് ശര്‍മയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇന്ന് കളിക്കാനിറങ്ങിയത്. സഞ്ജുവിന് പകരം കൃഷ്ണപ്രസാദാണ് ക്യാപ്റ്റൻ രോഹന്‍ കുന്നുമ്മലിനൊപ്പം ഇന്ന് കേരളത്തിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക