കൊളംബോ: ഓള്‍ റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസിനെ നായകനായി തിരിച്ചുവിളിച്ച് ക്യാപ്റ്റന്‍ പ്രശ്നത്തിന് ശ്രീലങ്കയുടെ പരിഹാരം. ആറ് മാസം മുമ്പ് മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും മാത്യൂസ് നായകസ്ഥാനം രാജിവെച്ചിരുന്നു. മാത്യൂസ് നായക സ്ഥാനമൊഴിഞ്ഞതിന് ശേഷം വിവിധ താരങ്ങളാണ് ലങ്കയെ പരമ്പരകളില്‍ നയിച്ചത്. ടെസ്റ്റില്‍ ദിനേശ് ചന്ദിമല്‍ നായക സ്ഥാനമേറ്റപ്പോള്‍ ഏകദിനത്തിലും ട്വന്‍റി20യിലും ഉപുല്‍ തരംഗയും തിസാര പെരേരയും മാറിമാറി നായകന്‍മാരായി. 

2019 ലോകകപ്പ് ലക്ഷ്യമാക്കിയാണ് മാത്യൂസിനെ നായകനായി വിണ്ടും നിയമിച്ചത്. പരിശീലകന്‍ ചന്ദിക ഹതിരുസിംഗയുടെ താല്‍പര്യവും മാത്യൂസിനെ മടക്കിവിളിച്ചതിലുണ്ട്. നായകനായി വിണ്ടുമെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാത്യൂസ് പ്രതികരിച്ചു. ബംഗ്ലാദേശില്‍ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റില്‍ മാത്യൂസ് ലങ്കയെ നയിക്കും. ശ്രീലങ്കയെ കൂടാതെ ബംഗ്ലാദേശും സിംബാ‌ബ്‌വെയുമാണ് പരമ്പരയില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ടെസ്റ്റില്‍ ഉപുല്‍ തരംഗ ശ്രീലങ്കന്‍ നായകനായി തുടരുമെന്നാണ് സൂചന.