ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണിയാണ് ക്രിക്കറ്റ് ലോകത്തെ സംസാരം. ഏഷ്യാ കപ്പില്‍ മോശം പ്രകടനം പുറത്തെടുത്തതോടെ ധോണിയുടെ കാലം കഴിഞ്ഞുവെന്നും അദ്ദേഹത്തിന് പകരക്കാരനെ തേടണെന്ന് പറയുന്നവര്‍ ഏറെയുണ്ട്. മുമ്പത്തെ പോലെ കളിക്കാന്‍ ധോണിക്ക് കഴയുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം.

ബാംഗ്ലൂര്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണിയാണ് ക്രിക്കറ്റ് ലോകത്തെ സംസാരം. ഏഷ്യാ കപ്പില്‍ മോശം പ്രകടനം പുറത്തെടുത്തതോടെ ധോണിയുടെ കാലം കഴിഞ്ഞുവെന്നും അദ്ദേഹത്തിന് പകരക്കാരനെ തേടണെന്ന് പറയുന്നവര്‍ ഏറെയുണ്ട്. മുമ്പത്തെ പോലെ കളിക്കാന്‍ ധോണിക്ക് കഴയുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. വിക്കറ്റ് കീപ്പിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമ്പോഴും ബാറ്റിങ്ങില്‍ പൂര്‍ണ പരാജയമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍. ഏഷ്യാ കപ്പില്‍ മാത്രമല്ല, മുന്‍ പര്യടനങ്ങളിലും ഇത് തന്നെയായിരുന്നു അവസ്ഥ. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുബ്ലെയ്ക്കും പറയാനുണ്ട് ധോണിയെ കുറിച്ച്. 

മുന്‍പത്തെ പോലെ ഒരു ഫിനിഷര്‍ എന്ന രീതിയില്‍ ധോണിയെ കാണാന്‍ കഴിയില്ലെന്നാണ് കുംബ്ലെയുടെ അഭിപ്രായം. മധ്യനിര ഇത്തരവാദിത്വം കാണിച്ചാല്‍ മാത്രമേ ധോണിക്ക് പഴയപോലെ ഫിനിഷറുടെ ജോലി ഏറ്റെടുക്കാന്‍ കഴിയൂ. അദ്ദേഹത്തെ സമ്മര്‍ദമില്ലാതെ കളിക്കാന്‍ വിടണം. യുവതാരങ്ങള്‍ ഫിനിഷിങ് ജോലി ഏറ്റെടുക്കണമെന്നും കുംബ്ലെ പറഞ്ഞു. നേരത്തെ സഞ്ജയ് മഞ്ജരേക്കറും ധോണിയുടെ പ്രകടനത്തെ കുറിച്ച് പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനമായിരുന്നു ധോണിയുടേത്. ചെന്നൈ സൂപ്പര്‍ കിങ്സിനുവേണ്ടി 16 മത്സരങ്ങളില്‍ നിന്നും 455 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഇതേ ഫോം അന്താരാഷ്ട്ര ക്രിക്കറ്റിലും തുടരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ എല്ലാം തെറ്റി. സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം പുറത്തെടുക്കാന്‍ ധോണിക്ക് കഴിഞ്ഞിരുന്നില്ല. ഏഷ്യാ കപ്പിലെ നാല് ഇന്നിങ്സുകളില്‍നിന്നായി 77 റണ്‍സാണ് ധോണിയുടെ ആകെ സമ്പാദ്യം. മധ്യനിരയിലും വാലറ്റത്തുമുള്ള പോരായ്മ പരിഹരിക്കുകയാകും ലോകകപ്പിന് മുന്‍പ് ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി.