ബംഗലൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെയെ അപമാനിച്ച് പുറത്താക്കിയ രീതി ശരിയായില്ലെന്ന് മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്.വിവാദങ്ങള്‍ക്കാരണമായ യഥാര്‍ത്ഥ പ്രശ്നമെന്തെന്ന് തനിക്കറിയില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായ കുംബ്ലെയെ പരസ്യമായി അപമാനിച്ചത് അനുചിതമായെന്നും ദ്രാവിഡ് പറഞ്ഞു.ബംഗലുരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് ദ്രാവിഡിന്റെ പ്രതികരണം.

എന്റെ അറിവില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച കളിക്കാരനാണ് കുംബ്ലെ. അത്തരമൊരു പ്രതിഭാസത്തെ മാധ്യമങ്ങളിലൂടെ അപമാനിച്ച് പുറത്താക്കിയത് ശരിയായ കാര്യമല്ല. പരിശീലകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ളപ്പോഴാണ് കുംബ്ലെയെ പുറത്താക്കിയതെന്ന വസ്തുത മറക്കരുതെന്നും ദ്രാവി‍ഡ് അഭിപ്രായപ്പെട്ടു. കളിക്കാരും പരിശീലകരും തമ്മില്‍ ഭിന്നതയുണ്ടായാല്‍ പരിശീലകനാകും എപ്പോഴും പരാജയപ്പെടുകയെന്നും ദ്രാവിഡ് പറഞ്ഞു.

ഇപ്പോഴത്തെ തലമുറയിലെ താരങ്ങള്‍ മുന്‍കാല താരങ്ങളേക്കാള്‍ അക്രമണോത്സുകരാണെന്ന വാദത്തെയും ദ്രാവിഡ് വിമര്‍ശിച്ചു. ടെലിവിഷനിലൂടെ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതിനാല്‍ ആരാധകര്‍ക്കുണ്ടായ തെറ്റാ ധാരണയാണതെന്നും അതിനര്‍ഥം മുന്‍കാല താരങ്ങള്‍ ഇത്രത്തോളം അക്രമണോത്സുകരല്ലെന്ന് അര്‍ത്ഥമില്ലെന്നും ദ്രാവിഡ് പറഞ്ഞു.