ലണ്ടന്‍ :25 വയസ്സുകാരനായ ഇംഗ്ലീഷ് ക്രിക്കറ്റ് താരം സഫര്‍ അന്‍സാരി ക്രിക്കറ്റ് മതിയാക്കിയത്. ഇക്കഴിഞ്ഞ ബംഗ്ലാദേശ്, ഇന്ത്യന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്ന താരത്തിന്‍റെ തീരുമാനം ക്രിക്കറ്റ് ലോകത്തെ ‌ഞെട്ടിച്ചിരിക്കുകയാണ്.

ടെസ്റ്റില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച താരം അഞ്ച് വിക്കറ്റുകളും 49 റണ്‍സും സ്വന്തമാക്കിയിരുന്നു. ഇടം കൈയ്യനായ അന്‍സാരി 2015ല്‍ അയര്‍ലന്‍ഡിനെതിരെ ഒരു ഏകദിനത്തിലും കളിച്ചിട്ടുണ്ട്. പണത്തിനും പ്രശസ്തിക്കുമെല്ലാം വേണ്ടി ആളുകള്‍ ഏതെങ്കിലും ഒരു ക്രിക്കറ്റ് ടീമില്‍ ഇടംപിടിക്കാന്‍ മത്സരിക്കുന്ന കാലത്താണ് പ്രതിഭ ആവോളം അനുഗ്രഹിച്ച ഒരു അന്താരാഷ്ട്ര കളിക്കാരന്‍ കരിയര്‍ തുടങ്ങും മുമ്പേ കളി നിര്‍ത്തുന്നത്.

ഇംഗ്ലീഷ് കൗണ്ടി ക്ലബ് സറേയ്ക്കുവേണ്ടി കളിച്ചുകൊണ്ടിരുന്ന അന്‍സാരിയുടെ വിരമിക്കല്‍ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് അഭിഭാഷകനായി മാറാനാണ് താരം ഈ തീരുമാനമെടുത്തതെന്ന് സൂചനയുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുവായിരത്തിലധികം റണ്‍സും 128 വിക്കറ്റും സ്വന്തമാക്കിയിട്ടുളല താരമാണ് സഫര്‍ അന്‍സാരി.

'ക്രിക്കറ്റിനപ്പുറം പുതിയൊരു മേഖലയിലേക്ക് തിരിയേണ്ട സമയമായി, ചിലപ്പോള്‍ അഭിഭാഷക വൃത്തിയിലേക്കായിരിക്കും, അത് നേടിയെടുക്കാന്‍ ഇപ്പോള്‍മുതല്‍ തുടങ്ങണം' അന്‍സാരി പറഞ്ഞു. സറേയ്ക്കായി എട്ടുവയസ്സുമുതല്‍ കളിച്ചു തുടങ്ങിയ തനിക്ക് വിരമിക്കല്‍ തീരുമാനം വളരെ പ്രയാസകരമായിരുന്നെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു.