ദില്ലി: കോടതിയലക്ഷ്യക്കേസിൽ ബിസിസിഐ മുൻ അധ്യക്ഷൻ അനുരാഗ് ഠാക്കൂര്‍ സുപ്രീംകോടതിയിൽ ക്ഷമാപണം നടത്തി. കോടതിയലക്ഷ്യത്തില്‍ നിരുപാധികം മാപ്പ് പറയുന്നതായി അനുരാഗ് ഠാക്കൂര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കോടതിയിലെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട താൻ സത്യസന്ധനായ പൊതുപ്രവര്‍ത്തകനാണെന്നും ഠാക്കൂര്‍ കോടതിയിലെ അറിയിച്ചു.

ലോധ നിര്‍ദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലായ ഐസിസിയുടെ ഇടപെടൽ ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യാജ സത്യവാങ്മൂലം നൽകിയെന്ന കേസിലാണ് അനുരാഗ് ഠാക്കൂറിനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടിയെടുത്തത്. കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി ഒഴിവാക്കി. കേസ് ഏപ്രിൽ 17ന് വീണ്ടും പരിഗണിക്കും.

ലോധ കമ്മറ്റി റിപ്പോര്‍ട്ടിന്റെ ശിപാര്‍ശ പ്രകാരം ഈ വര്‍ഷം ജനുവരിയിലാണ് അനുരാഗ് ഠാക്കൂറിനെ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുപ്രീം കോടതി പുറത്താക്കിയത്. ബി.സി.സി.ഐ സെക്രട്ടറി അജയ് ഷിര്‍ക്കെയെയും സുപ്രീം കോടതി പുറത്താക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് നടപടി സ്വീകരിച്ചത്.