ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയെ പെറു സമനിലയില്‍ തളച്ചു. യോഗ്യത ഉറപ്പാക്കാന്‍ ജയം അനിവാര്യമായിരുന്ന അര്‍ജന്റീനക്ക് പെറുവിനെ കീഴടക്കാനായില്ല. ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നത് അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യത തുലാസിലാക്കി. ലാറ്റിന്‍ അമേരിക്കന്‍ റൗണ്ടില്‍ നിലവില്‍ പെറു നാലാമതും അര്‍ജന്റീന അഞ്ചാം സ്ഥാനത്തുമാണ്.

യോഗ്യതാ റൗണ്ടില്‍നിന്നു നാലു ടീമുകള്‍‌ക്കാണ് ലോകകപ്പിനു നേരിട്ടു യോഗ്യത. അഞ്ചാം സ്ഥാനക്കാര്‍ക്കു പ്ലേ ഓഫ് കളിച്ചു യോഗ്യത ഉറപ്പിക്കാം. 17 മല്‍സരങ്ങളില്‍നിന്ന് അര്‍ജന്റീനയ്‌ക്കും പെറുവിനും 25 പോയിന്റുകളുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ അര്‍ജന്റീന പിന്നിലാണ്. 17 മല്‍സരങ്ങളില്‍നിന്നു വെറും ആറു ഗോളുകള്‍ മാത്രമാണു മെസിയുടെ ടീം നേടിയത്.

പെറുവിനെതിരായ സമനിലയോടെ അവസാന യോഗ്യതാ മത്സരത്തില്‍ ഇക്വഡോറിനെ കീഴടക്കിയാലും യോഗ്യത ഉറപ്പാക്കാന്‍ അര്‍ജന്റീനക്ക് കണക്കിലെ കളികളെ ആശ്രയിക്കേണ്ടി വരും. അഞ്ചാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിക്കേണ്ടിവന്നാല്‍ ന്യൂസീലന്‍ഡാകും അര്‍ജന്റീനയുടെ എതിരാളികള്‍.

23 പോയന്റുണ്ടായിരുന്ന ചിലെ നിര്‍ണായക മത്സരത്തില്‍ ഇക്വഡോറിനെ 2-1ന് കീഴടക്കി. ഇതോടെ ചിലെ പോയന്റ് പട്ടികയില്‍ അര്‍ജന്റീനയ്‌ക്ക് മുന്നിലെത്തി. 85-3ം മിനിട്ടില്‍ അലക്‌സി സാഞ്ചസ് ആണ് ചിലെയ്‌ക്ക് നിര്‍ണായക വിജയം സമ്മാനിച്ച ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ നേരത്തേ യോഗ്യത ഉറപ്പിച്ച ബ്രസീലിനെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിച്ച ബോളീവിയ സമനിലയില്‍ തളച്ചു..