Asianet News MalayalamAsianet News Malayalam

ആദ്യ ടെസ്റ്റില്‍ പണി തന്ന കുറാനെ തളയ്ക്കാന്‍ ഇന്ത്യ; പരിശീലനത്തിനെത്തിച്ചത് സച്ചിന്‍റെ മകനെ

ഓപ്പണര്‍മാരായ ശിഖര്‍ ധവാനും മുരളി വിജയ്‍യും ഇംഗ്ലീഷ് ബൗളര്‍മാരെ നന്നായി നേരിട്ടു. ആദ്യ വിക്കറ്റില്‍ അമ്പത് റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം വീണത് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റെ വജ്രായുധത്തിന് മുന്നിലാണ്. 

arjun tendulkar bowls in nets for indian team
Author
Lordship Lane, First Published Aug 8, 2018, 7:30 PM IST

ലോര്‍ഡ്സ്: ഏറെ പ്രതീക്ഷകളുമായാണ് ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമിട്ടത്. വിദേശ മണ്ണില്‍ വീണ് പോകുന്നവരെന്ന ദുഷ്പേര് മായ്ക്കുക എന്ന വലിയ ലക്ഷ്യമാണ് കോലിയുടെയും സംഘത്തിന്‍റെയും മുന്നിലുള്ളത്. എന്നാല്‍, ആദ്യ ടെസ്റ്റില്‍ ബാറ്റിംഗില്‍ അമ്പേ പരാജയമായ ഇന്ത്യ തോല്‍വി ചോദിച്ച് വാങ്ങി. വിരാട് കോലി ഒഴികെയുള്ള ബാറ്റ്സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ പരാജയം രുചിച്ചു.

പക്ഷേ, എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും മുരളി വിജയ്‍യും ഇംഗ്ലീഷ് ബൗളര്‍മാരെ നന്നായി നേരിട്ടു. ആദ്യ വിക്കറ്റില്‍ അമ്പത് റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം വീണത് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റെ വജ്രായുധത്തിന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന സാം കുറാനെന്ന ഇരുപതുകാരന്‍ ഓള്‍റൗണ്ടറുടെ ബൗളിംഗ് മികവിന് മുന്നില്‍ കോലിപ്പട കിതച്ചു.

ഇന്ത്യയുടെ ആദ്യ മൂന്ന് വിക്കറ്റുകളും പിഴുത കുറാന്‍ ഒരു വിക്കറ്റ് കൂടെ സ്വന്തം പേരില്‍ കുറിച്ചാണ് കളത്തില്‍ നിന്ന് കയറിയത്. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിലും പ്രതിഭ തെളിയിച്ച കുറാനെ അടുത്ത ടെസ്റ്റില്‍ എങ്ങനെ നേരിടണമെന്ന കണക്കുക്കൂട്ടലിലാണ് ഇന്ത്യന്‍ ടീം. ഇടം കെെ മീഡിയം പേസറായ കുറാന്‍റെ ബൗളിംഗ് ശ്രദ്ധയോടെ വീക്ഷിക്കുകയാണ് ഇന്ത്യ. നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഇടം കെെ മീഡിയം പേസര്‍മാര്‍ ഇല്ലാത്തതിനാല്‍ നെറ്റ്സില്‍ പന്തെറിയാനൊരു ബൗളറെയും ഇന്ത്യ വിളിച്ചു. അത് മറ്റാരുമല്ല, ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍.

ഇത് ആദ്യമായല്ല നെറ്റ്സില്‍ ഇന്ത്യന്‍ ടീമിന് പന്തെറിയാല്‍ അര്‍ജുന്‍ നിയോഗിക്കപ്പെടുന്നത്. ഇന്ത്യന്‍ അണ്ടര്‍ 19 ടീമംഗമായ അര്‍ജുന്‍ വിരാട് കോലിക്ക് പന്തെറി‌ഞ്ഞ് നല്‍കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ക്രിക്കറ്റില്‍ തന്‍റേതായ മുദ്ര പതിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അര്‍ജുന്‍ കൂടുതലും ലണ്ടനിലാണ് പരിശീലനം നടത്തുന്നത്. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിന് വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ലോര്‍ഡ്സില്‍ നാളെ രണ്ടാം അങ്കം തുടങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും കോലിയും സംഘവും ആഗ്രഹിക്കുന്നില്ല. 

 

Follow Us:
Download App:
  • android
  • ios