മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ അണ്ടര്‍ 19 ടീമില്‍. ബറോഡയല്‍ നടക്കുന്ന ജെവൈ ലൈലെ ഓള്‍ ഇന്ത്യാ അണ്ടര്‍-19 ഇന്‍വിറ്റേഷനല്‍ ഏകദിന ടൂര്‍ണമെന്റിലാണ് 17കാരനായ അര്‍ജ്ജുന്‍ മുംബൈയ്ക്കായി ഇറങ്ങുക. ഇടംകൈയന്‍ പേസ് ബൗളറാണ് അര്‍ജ്ജുന്‍. ഈ മാസം 16 മുതല്‍ 23വരെയാണ് ടൂര്‍ണമെന്റ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനം നടത്തിയ ഇംഗ്ലണ്ട് ടീമിന് നെറ്റ്സില്‍ പന്തെറിഞ്ഞുകൊടുത്ത് അര്‍ജ്ജുന്‍ അടുത്തിടെ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. പരിശീലനത്തിനിടെ ഇംഗ്ലീഷ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയ്ക്ക് അര്‍ജ്ജുന്റെ ബൗണ്‍സര്‍ കൊണ്ട് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വനിതാ ലോകകപ്പിനിടെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് പന്തെറിഞ്ഞുകൊടുക്കാനും അര്‍ജ്ജുനെത്തിയിരുന്നു. മുംബൈയുടെ അണ്ടര്‍-14, അണ്ടര്‍ 16 ടീമുകളിലും അര്‍ജ്ജുന്‍ മുമ്പ് കളിച്ചിട്ടുണ്ട്.