സിഡ്‌നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ കൂറ്റന്‍ സ്കോര്‍ പിന്തുടരുന്ന ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 93 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. നായകന്‍ റൂട്ട് 42 റണ്‍സുമായും ബെയര്‍ഷോ 17 റണ്‍സുമായും ക്രീസിലുണ്ട്. ഒരു ദിവസം ശേഷിക്കേ ഓസീസിന്‍റെ സ്കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് 210 റണ്‍സ് കൂടി വേണം. ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്‍റെ 346 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു.
303 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ അഞ്ചില്‍ നില്‍ക്കേ ഒരു റണ്ണെടുത്ത സ്റ്റോണ്‍മാനെ സ്റ്റാര്‍ക്ക് പുറത്താക്കി. 10 റണ്‍സെടുത്ത കുക്കിനെ ലിയോണും വിന്‍സിനെ കമ്മിണ്‍സും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് മൂന്നിന് 43 എന്ന നിലയില്‍ തകര്‍ന്നു. സ്കോര്‍ 68ല്‍ നില്‍ക്കേ അഞ്ച് റണ്‍സെടുത്ത മലാനെ മടക്കി ലിയോണ്‍ വീണ്ടും ആഞ്ഞടിച്ചു. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അവസാന ടെസ്റ്റും ഇംഗ്ലണ്ടിന് കിട്ടാക്കനിയാകും.
നേരത്തെ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജ(171), ഷോണ്‍ മാര്‍ഷ്(156), മിച്ചല്‍ മാര്‍ഷ്(101) എന്നിവരുടെ മികവിലാണ് ഓസീസ് 649 റണ്‍സ് അടിച്ചുകൂട്ടിയത്. സെഞ്ചുറി കൂട്ടുകെട്ടുമായി നിറഞ്ഞാടിയ മാര്‍ഷ് സഹോദരന്‍മാര്‍ അഞ്ചാം വിക്കറ്റില്‍ 169 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നായകന്‍ സ്റ്റീവ് സ്മിത്ത്(83), ഡേവിഡ് വാര്‍ണര്‍(56) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറി നേടി. ഇംഗ്ലണ്ടിനായി മൊയിന്‍ അലി രണ്ടും ആന്‍ഡേഴ്സണ്‍, ബ്രോഡ്, കുരാന്‍, ക്രെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
