ബ്രിസ്ബണ്‍: ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് പതര്‍ച്ചയോടെ തുടക്കം.‍ ടോസ് നേടി ബാറ്റിംഗ് തെര‍ഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തിട്ടുണ്ട്. 28 റണ്‍സുമായി ഡേവിഡ് മേലനും 13 റണ്‍സുമായി മൊയിന്‍ അലിയുമാണ് ക്രീസിൽ. ജയിംസ് വിന്‍സ്, അലിസ്റ്റര്‍ കുക്ക്, സ്റ്റോണ്‍മാന്‍, ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഓസ്ട്രേലിയയ്ക്കായി പേസര്‍ പാറ്റ് കുമിന്‍സ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്ത്തി. 

സ്കോര്‍ രണ്ടില്‍ നില്‍ക്കേ അലിസ്റ്റര്‍ കുക്കിനെ വീഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന് ആദ്യ പ്രഹരം ഏല്പിച്ചു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മാറ്റ് സ്റ്റോണ്‍മാനും ജെയിംസ് വിന്‍സും ചേര്‍ന്ന് ഇംഗ്ലണ്ടിനായി പ്രതിരോധം തീര്‍ത്തു. സ്കോര്‍ 127ല്‍ നില്‍ക്കേ 53 റണ്‍സെടുത്ത സ്റ്റോണ്‍മാനെ കമ്മിണ്‍സ് പറഞ്ഞയച്ചു. പിന്നാലെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ജെയിംസ് വിന്‍സിനെ(83) തകര്‍പ്പന്‍ ത്രോയില്‍ മടക്കി നഥാന്‍ ലിയോണ്‍ ഓസീസിനെ മത്സരത്തില്‍ തിരികെയെത്തിച്ചു. ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷയായ നായകന്‍ ജോ റൂട്ടിന് 15 റണ്‍സെടുക്കാനേ ആയുള്ളൂ.