മത്സരം കഴിഞ്ഞ് നെഹ്‌റ പോകുന്നത് ആശുപത്രിയിലേക്കായിരിക്കും, അല്ലെങ്കില്‍ കളിക്കാന്‍ വരുന്നത് അവിടെ നിന്നായിരിക്കും. 19 വര്‍ഷത്തെ കരിയറിനിടയില്‍ 164 അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രം കളിക്കാനേ നെഹ്റക്ക് കഴിഞ്ഞുള്ളൂ. പരിക്കുമൂലം ഉയര്‍ച്ച താഴ്‌ച്ചകളുണ്ടായ ആ കരിയര്‍ അവസാനം വരെ വേഗക്കുറവില്ലാതെ പന്തെറിഞ്ഞു. ഒരു പേസ് താരത്തിനു വേണ്ട റണ്ണപ്പോ ശരീരഭാഷയോ ആയിരുന്നില്ല നെഹ്റയ്ക്ക്. എന്നിട്ടും രണ്ട് പതിറ്റാണ്ടുകാലം നെഹ്റ ഇന്ത്യന്‍ ടീമിനൊപ്പം കളിച്ചു. തിരിച്ചുവരില്ലെന്ന് പറഞ്ഞവരെ നിരാശരാക്കി പരിക്കിന്‍റെ സന്തതസഹചാരി ഇടക്കിടയ്ക്ക് ടീമിലെത്തി പന്തെറിഞ്ഞുകൊണ്ടിരുന്നു. അതിനാല്‍ ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാളിയുടെ പേരാണ് ആശിഷ് നെഹ്‌റ.
ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാളിയുടെ പേരാണ് ആശിഷ് നെഹ്‌റ
19 വര്‍ഷത്തിനിടയില്‍ 17 ടെസ്റ്റ് മാത്രം കളിച്ച താരമെന്നത് കളിയളവുകളില്‍ വലിയ നേട്ടമല്ല. മൂന്ന് ഫോര്‍മാറ്റുകളിലുമായി 235 അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടിയ നെഹ്‌റ കണക്കിലെ കളികളില്‍ വളരെ പിന്നിലായിരുന്നു. ഇതിഹാസം എന്ന വിശേഷിക്കാന്‍ അദേഹം അധികമെന്നും അവശേഷിപ്പിച്ചല്ല അദേഹത്തിന്‍റെ മടക്കം. കരിയര്‍ ഗ്രാഫുകളില്‍ നെഹ്റ ശരാശരി താരം മാത്രമാണ് എന്ന് സമ്മതിക്കാതെ വയ്യ. ഏകദിനത്തില്‍ രണ്ട് തവണ ആറു വിക്കറ്റ് നേട്ടം കൊയ്ത ഇന്ത്യന്‍ താരവും ലോകകപ്പിലെ മികച്ച വിക്കറ്റ് വേട്ടക്കാരനുമാണ് നെഹ്റ. പക്ഷേ അതൊന്നും നെഹ്റയെ മഹാന്‍മാരുടെ നിരയിലേക്ക് ഉയര്‍ത്താന്‍ ഉചിതമായിരുന്നില്ല. റാംങ്കിഗില്‍ ഒരിക്കല്‍ പോലും ലോകകപ്പ് വിജയിയായ നെഹ്‌റയ്ക്ക് ആദ്യ പത്തില്‍ ഇടം നേടാനായില്ല.

തുന്നിക്കെട്ടലുകള്‍ നിറഞ്ഞ ശരീരത്തില്‍ നടത്തിയ സര്‍ജറികള്‍ 12 എണ്ണം. ബൗളറുടെ കരുത്തായ ഷോള്‍ഡറിലും കാലുകളിലുമാണ് കൂടുതല്‍ സര്‍ജറികള്‍ നടത്തിയത് എന്നത് താരത്തിനോടുള്ള ശരീരത്തിന്‍റെ ക്രൂരതയായിരുന്നു. ഓരോ തവണ പരിക്ക് പറ്റി പുറത്തായപ്പോളും കളിക്കളത്തിലെ സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചുകൊണ്ട് നേരിട്ട് നെഹ്റ കരുത്തുകാട്ടി. പരിക്കാണ് നെഹ്റയെ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നതില്‍ നിന്നും വിലക്കിയത്. 2004ല്‍ റാവല്‍പിണ്ടിയില്‍ പാക്കിസ്ഥാനെതിരെ അവസാന ടെസ്റ്റ് കളിച്ച് നെഹ്റ അനൗദ്യോഗികമായി ടെസ്റ്റ് മതിയാക്കി. അതിനു ശേഷം 2005മുതല്‍ നാല് വര്‍ഷക്കാലം പരിക്ക് മൂലം കളിക്കളത്തില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കേണ്ടി വന്നതോടെ കരിയര്‍ അവസാനിച്ചെന്ന് പലരും വിധിയെഴുതി.
സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചുകൊണ്ട് പരിക്കിനെ നേരിട്ട താരം
എന്നാല്‍ 2009ല്‍ വെസ്റ്റിന്‍റീസിനെതിരെയുള്ള പരമ്പരയില്‍ തിരിച്ചെത്തി നെഹ്റ വീണ്ടും ഞെട്ടിച്ചു. വിരലിന് പരിക്കേറ്റതോടെ 2011 ലോകകപ്പില്‍ സെമിക്കു ശേഷം നെഹ്റയുടെ സ്ഥാനം സൈഡ് ബഞ്ചിലായി. ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ വേദന കടിച്ചമര്‍ത്തി നെഹ്റ ചിരിച്ചുകൊണ്ട് ടീമിനൊപ്പം നിന്നു. ഐപിഎല്ലിനിടെ 2016 മാര്‍ച്ചില്‍ കാല്‍മുട്ടിന് പരിക്കേറ്റ് ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായതോടെ നെഹ്റയുടെ വിരമിക്കല്‍ ചര്‍ച്ചകള്‍ക്ക് ജീവന്‍വെച്ചു. സുഖം പ്രാപിച്ചുവരുന്നതായി അറിയിച്ച് ആശുപത്രിയില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് അതിന് മറുപടി നല്‍കി. എന്നാല്‍ ഐപിഎല്ലിന്‍റെ അടുത്ത എഡിഷനിലും പരിക്കിന്‍റെ തനിയാവര്‍ത്തനം. പിന്നീട് നെഹ്റയെ കാണുന്നത് യോയോ ടെസ്റ്റില്‍ പൂര്‍ണ്ണകായികക്ഷമത തെളിയിച്ച് വിരമിക്കല്‍ മത്സരത്തിനെത്തിയ നെഹ്റയെയാണ്.

2003 ലോകപ്പില്‍ ഇംഗ്ലീഷ് നിരയെ പവലിയനിലേക്ക് പറഞ്ഞയച്ച ഡ്രീം സ്‌പെല്ലാണ് നെഹ്റയെ അടയാളപ്പെടുത്തിയത്. ആറ് ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാരെ 10 ഓവറില്‍ വെറും 23 റണ്‍സ് വിട്ടുകൊടുത്താണ് നെഹ‌്റ പവലിയനിലേക്ക് മടക്കിയത്. ലോകകപ്പില്‍ ഇന്ത്യക്കാരന്‍റെ മികച്ച ബൗളിംഗ് പ്രകടനമാണ് ഇതെന്നത് ചരിത്രംപോലും ചിലപ്പോള്‍ മറന്നുകാണും. രണ്ടു പതിറ്റാണ്ടു നീണ്ട കരിയറില്‍ താരതമ്യേനേ വളരെ കുറച്ച് മത്സരങ്ങള്‍ മാത്രം കളിച്ച് തനിക്കുമാത്രം അവകാശപ്പെട്ട ചുരുക്കം നേട്ടങ്ങളുമായി താരം കളി മതിയാക്കി. പരിക്ക് വില്ലനായിരുന്നില്ലെങ്കില്‍ നെഹ്റയുടെ കരിയര്‍ മറ്റൊന്നാകുമായിരുന്നു. എന്നാല്‍ ഓടാവുന്നത്ര ഓടിയെന്ന നെഹ്റയുടെ വാക്കുകളിലുണ്ട് താരത്തിന്‍റെ കളിയോടുള്ള ആത്മാര്‍ത്ഥതയും വീറും വാശിയും.
ശരീരം പലപ്പൊഴും തളര്‍ന്നു, പക്ഷേ താന്‍ അതിനെ പരമാവധി തള്ളിനയിച്ചു എന്നുപറഞ്ഞ് നെഹ്റ പുഞ്ചിരിയോടെ ഫിറോസ് ഷാ കോട്‌ലയില്‍ നിന്ന് മടങ്ങി.
