ദില്ലി: പാക്കിസ്ഥാനെതിരെ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 10 റണ്‍സ്. ആരെ പന്തേല്‍പിക്കുമെന്ന സംശയത്തില്‍ തന്ത്രങ്ങളുടെ ആശാനായ സൗരവ് ഗാംഗുലി. നായകനെ ഞെട്ടിച്ച് ഇടം കൈയ്യന്‍ പേസറായ ആശിഷ് നെഹ്റ പന്ത് ആവശ്യപ്പെട്ടു. ദാദാ പന്ത് തരൂ, ഞാന്‍ കളി ജയിപ്പിച്ചുതരാമെന്നായി നെഹ്റ. നെഹ്റയുടെ ആത്മവിശ്വാസം കണ്ട് പരീക്ഷങ്ങളുടെ ദാദ അദേഹത്തെ പന്തേല്‍പിച്ചു.

നിലയുറപ്പിച്ചിരുന്ന മെയിന്‍ ഖാന്‍റെ വിക്കറ്റ് വീഴ്ത്തി നെഹ്റ ഇന്ത്യന്‍ നായകനെ ഞെട്ടിച്ചപ്പോള്‍ മത്സരത്തില്‍ പാക്കിസ്താനെ മൂന്ന് റണ്‍സിന് പരാജയപ്പെടുത്തി. മുന്‍ ഇന്ത്യന്‍ താരം ഹേമംഗ് ബദാനിയാണ് ടീമിന്‍റെ ജയത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്. 2004ലെ കറാച്ചി ഏകദിനത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 350 റണ്‍സ് എടുത്തിരുന്നു.