ദില്ലി: ആശിഷ് നെഹ്റ കരിയര്‍ അവസാനിപ്പിച്ചത് മറ്റൊരു ഇന്ത്യന്‍ ഇതിഹാസത്തിനും അവകാശപ്പെടാനാകാത്ത നേട്ടവുമായി. അവസാന രാജ്യാന്തര മത്സരത്തില്‍ ആശിഷ് നെഹ്‌റ പന്തെറിഞ്ഞത് ആശിഷ് നെഹ്‌റ എന്‍ഡില്‍ നിന്ന്. രണ്ട് പതിറ്റാണ്ടു നീണ്ടുനിന്ന നെഹ്റയുടെ കരിയറിനുള്ള ആദരമായാണ് ദില്ലി& ജില്ലാ ക്രക്കറ്റ് അസോസിയേഷന്‍ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിലെ ഒരു ബൗളിംഗ് എന്‍ഡിന് നെഹ്റയുടെ പേരുനല്‍കിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിന്‍റെ ജിമ്മി ആന്‍ഡേഴ്‌സിന് മാത്രമാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കിയത്.

ബുധനാഴ്ച്ച ദില്ലിയില്‍ ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്‍റി20യോടെയാണ് ഇന്ത്യന്‍ മീഡിയം പേസര്‍ വിരമിച്ചത്. ആശിഷ് നെഹ്‌റ എന്‍ഡ് എന്ന എന്നെഴുതിയ വലിയ ബാനറും സ്റ്റേഡിയത്തിലുണ്ടായിരുന്നു. 164 അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ച താരം രണ്ട് ലോകകപ്പുകള്‍ നേടിയിട്ടുണ്ട്. ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയില്‍ വിരമിക്കാനുള്ള അവസരം വേണമെന്ന താരത്തിന്‍റെ പ്രത്യേക അഭ്യര്‍ത്ഥന പരിഗണിച്ചാണ് ബിസിസിഐ നെഹ്റയ്ക്ക് അവസാന മത്സരത്തിന് അവസരം നല്‍കിയത്.