ദില്ലി: ഏവര്‍ക്കും കൗതുകമായിരുന്നു മുന്‍ ഇന്ത്യന്‍ പേസര്‍ നെഹ്റയുടെ ഫിറ്റ്നസ് രഹസ്യം. രണ്ട് പതിറ്റാണ്ട് നീണ്ട അന്താരാഷ്ട്ര കരിയറില്‍ 39-ാം വയസിലും നെഹ്റ പന്തെറിഞ്ഞത് യുവതാരത്തിന്‍റെ ചുറുചുറുക്കോടെയാണ്. പലതാരങ്ങളും പരാജയപ്പെട്ട യോയോ ടെസ്റ്റില്‍ നെഹ്റ നേടിയ സ്കോര്‍ കേട്ടാല്‍ ആ കൗതുകത്തിന് മാറ്റ് കൂടും. യോയോ ടെസ്റ്റില്‍ വിജയിച്ചതോടെയാണ് ന്യൂസിലന്‍ഡിനെതിരായ ട്വന്‍റി20 പരമ്പരക്കിടെ വിരമിക്കാന്‍ നെഹ്റയ്ക്ക് അവസരം ലഭിച്ചത്. 

കരിയറിന്‍റെ അവസാനകാലത്തും വെറ്ററന്‍ പേസറായ നെഹ്റ ഫിറ്റ്നസ് കാത്തുസൂക്ഷിച്ചിരുന്നു എന്നാണിത് വ്യക്തമാക്കുന്നത്.ബെംഗലുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ താരങ്ങളുടെ കായിക്ഷമത അളക്കാന്‍ നടത്തുന്ന യോയ ടെസ്റ്റില്‍ നെഹ്റക്ക് ലഭിച്ച സ്കോര്‍ 18.5 ആണ്. നിലവില്‍ താരങ്ങള്‍ക്ക് ടീമിലെത്താന്‍ 16.1 സ്കോറാണ് കായികക്ഷമതാ പരിശോധനയില്‍ വേണ്ടത്. ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും മനീഷ് പാണ്ഡെയും 19 പോയിന്‍റ് നേടി. 

ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായ നടന്ന ട്വന്‍റി20 പരമ്പരയ്ക്ക് മുമ്പാണ് മൂവരും യോയ ടെസ്റ്റിന് വിധേയരായത്. എന്നാല്‍ നായകന്‍ വിരാട് കോലി നേടിയ സ്കോര്‍ എത്രയെന്ന് വ്യക്തമല്ല. ടീമില്‍ നിലനില്‍ക്കാന്‍ താരങ്ങള്‍ക്ക് ഫിറ്റ്നസ് നിര്‍ബന്ധമാണെന്ന് വിരാട് കോലിയും സെലക്ടര്‍മാരും വ്യക്തമാക്കിയിരുന്നു. താരങ്ങളുടെ ഫിറ്റ്നസ് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി യോയോ ടെസ്റ്റില്‍ വിജയിക്കാനുള്ള പരിധി 16.1 ല്‍ നിന്ന് 16.5ലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ.