വാണ്ടറേഴ്സ്: ദക്ഷിണാഫ്രിക്കയെ വട്ടം കറക്കിയതിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായിരിക്കകയായണ് ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും. ഇരുവരും മികവുറ്റ പ്രകടനം തുടര്‍ന്നതോടെ ഏകദിന-ടി20 ക്രിക്കറ്റിന്റെ പടിക്ക് പുറത്തായ രണ്ടുപേരാണ് രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും. ചാഹലും കുല്‍ദീപും വരുന്നതുവരെ ഇന്ത്യയുടെ മുന്‍നിര ബൗളര്‍മാരായിരുന്നു രണ്ടുപേരും. എന്നാല്‍ ചാഹലും കുല്‍ദീപും തരംഗമായതോടെ ഇരുവരുടെയും ഏകദിന, ടി20 ഭാവി അടഞ്ഞുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനുളള ടീമിലും ഇരവരുമുണ്ടാകില്ലെന്നാണ് കരുതുന്നത്.

എന്നാല്‍ അശ്വിനും ജഡേജയ്ക്കും പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബൗളിംഗ് കോച്ച് ഭരത് അരുണ്‍. ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാനുള്ള മത്സരത്തില്‍ നിന്ന് അശ്വിനും ജഡേജയും പുറത്തായിട്ടില്ലെന്ന് ഭരത് അരുണ്‍ പറഞ്ഞു. അശ്വിനും ജഡേജയ്ക്കും ഇനിയും ടീമില്‍ തിരിച്ചെത്താനുള്ള സാധ്യതകളുണ്ട്. അശ്വിനും ജഡേജയ്ക്കുമൊപ്പം ചാഹലും കുല്‍ദീപും കൂടി വന്നതോടെ നമുക്ക് മികവുറ്റ സ്പിന്നര്‍മാരുടെ ഒരു സംഘമായി. ഇവരില്‍ നിന്നാകും ലോകകപ്പിനുള്ള ടീമിലേക്കുള്ള തിരഞ്ഞെടുപ്പ്.

ചാഹലും കുല്‍ദീപും നിര്‍ഭയരായ ബൗളര്‍മാരാണെന്നും ഭരത് അരുണ്‍ പറഞ്ഞു. അവര്‍ പന്ത് ഫ്ലൈറ്റ് ചെയ്യുന്നതിനോ സ്പിന്‍ ചെയ്യുന്നതിനോ ഭയക്കുന്നില്ല. പിച്ചിന്റെ ആനുകൂല്യത്തെയും അവര്‍ ആശ്രയിക്കുന്നില്ല. റൊട്ടേഷന്‍ നയം അനുസരിച്ചാണ് ശ്രീലങ്കക്കെതിരായ പരമ്പരയില്‍ അശ്വിനും ജഡേജയ്ക്കും വിശ്രമം നല്‍കി ചാഹലിനെയും കുല്‍ദീപിനെയും ഉള്‍പ്പെടുത്തിയത്. അതുകൊണ്ട് സ്പിന്നര്‍മാരുടെ ഒരു പൂള്‍ ഉണ്ടക്കാനായെന്നും ഭരത് അരുണ്‍ വ്യക്തമാക്കി.