വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് വ്യക്തമായ മേല്‍ക്കൈ. രണ്ടുദിവസം ബാക്കിനില്‍ക്കെ ഏഴു വിക്കറ്റ് ശേഷിക്കെ 298 റണ്‍സിന്റെ ലീഡുണ്ട് ഇന്ത്യയ്‌ക്ക്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ മൂന്നിന് 98 എന്ന നിലയിലാണ് ഇന്ത്യ. ഒരു ഘട്ടത്തില്‍ മൂന്നിന് 40 എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയ്‌ക്ക് രക്ഷയായത് 56 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന വിരാട് കൊഹ്‌ലിയുടെ പ്രകടനമാണ്. 22 റണ്‍സോടെ അജിന്‍ക്യ രഹാനെയാണ് കൊഹ്‌ലിക്ക് കൂട്ടായുള്ളത്. മുരളി വിജയ്(മൂന്ന്), കെ എല്‍ രാഹുല്‍(10), ചേതേശ്വര്‍ പൂജാര(ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ഇംഗ്ലണ്ടിനുവേണ്ടി ക്രിസ് ബ്രോഡ് രണ്ടു വിക്കറ്റും ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 255 റണ്‍സിന് പുറത്താക്കിയ ഇന്ത്യയ്‌ക്ക് 200 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചിരുന്നു. അഞ്ചിന് 103 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ടിന് രക്ഷയായത് ബെന്‍ സ്റ്റോക്ക്സ്(70), ജോണി ബെയര്‍സ്റ്റോ(53) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളാണ്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 110 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇന്ത്യയ്‌ക്കു വേണ്ടി ആര്‍ അശ്വിന്‍ അഞ്ചു വിക്കറ്റ് വീഴ്‌ത്തി. 67 റണ്‍സ് വഴങ്ങിയാണ് അശ്വിന്റെ അഞ്ചു വിക്കറ്റ് നേട്ടം.
നാലാം ദിവസം പരമാവധി ലീഡ് നേടിയശേഷം പെട്ടെന്ന് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാനായിരിക്കും ഇന്ത്യയുടെ ശ്രമം. ആദ്യ ടെസ്റ്റ് മല്‍സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഈ മല്‍സരം ജയിക്കാനായാല്‍, മൂന്നു കളികളുടെ പരമ്പരയില്‍ ഇന്ത്യയ്‌ക്ക് ലീഡ് നേടാനാകും.
