ഗോള്‍: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 304 റണ്‍സിന്‍റെ തകർപ്പൻ ജയം. 550 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക നാലാം ദിനം രണ്ടാം ഇന്നിംഗ്സിൽ 245 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജ, ആർ.അശ്വിൻ എന്നിവരാണ് ലങ്കയെ തകർത്തത്. 97 റണ്‍സ് നേടിയ കരുണ രത്നെയും 67 റണ്‍സ് നേടിയ ഡിക്‌വല്ലയുമാണ് ലങ്കൻ നിരയിൽ പൊരുതിയത്.
പരിക്കേറ്റ് രണ്ടു പേർ ലങ്കൻ നിരയിൽ ബാറ്റ് ചെയ്യാൻ എത്തിയില്ല. അസീല ഗുണരത്നെ, രങ്കണ ഹെരാത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ആദ്യ ഇന്നിംഗ്സിലും ഗുണരത്നെ ബാറ്റിംഗിന് എത്തിയിരുന്നില്ല. നേരത്തെ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 240/3 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.
103 റണ്‍സ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ ബാറ്റിംഗിന്‍റെ കരുത്തായത്. ഓപ്പണർ അഭിനവ് മുകുന്ദ് 81 റണ്‍സ് നേടി പുറത്തായി. 23 റണ്‍സോടെ രഹാനെ പുറത്താകാതെ നിന്നു.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരന്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ഒന്നാം ഇന്നിംഗ്സിൽ അതിവേഗ സെഞ്ചുറി നേടിയ ശിഖർ ധവാനാണ് മാൻ ഓഫ് ദ മാച്ച്.
സ്കോർ: ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 600, രണ്ടാം ഇന്നിംഗ്സ് 240/3 ഡിക്ലയേർഡ്. ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് 291, രണ്ടാം ഇന്നിംഗ്സ് 245.
