പതിനാറ് മാസങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയ ലസിത് മലിംഗ നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ബംഗ്ലാ കടുവകള്‍ക്കായി മുഷ്‌ഫിഖര്‍ റഹീം തകര്‍പ്പന്‍ സെഞ്ചുറി നേടി...

ദുബായ്: ഏഷ്യാകപ്പിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് 262 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് 261ല്‍ പുറത്തായി. ലങ്കന്‍ ടീമില്‍ 16 മാസങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയ ലസിത് മലിംഗ 10 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ബംഗ്ലാ കടുവകള്‍ക്കായി മുഷ്‌ഫിഖര്‍ റഹീം തകര്‍പ്പന്‍ സെഞ്ചുറി(144) കുറിച്ചു. 

ഒരു റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ മൂന്നാം വിക്കറ്റില്‍ മുഷ്‌ഫിഖര്‍- മിഥുന്‍ സഖ്യം നടത്തിയ പ്രതിരോധമാണ് മാന്യമായ സ്കോറിലെത്തിച്ചത്. മിഥുന്‍(63) അര്‍ദ്ധ സെഞ്ചുറി നേടി. മറ്റ് ബാറ്റ്സ്മാന്‍മാര്‍ക്ക് ആര്‍ക്കും ഇരുപത് കടക്കാനായില്ല. മിഥുന്‍ പുറത്തായ ശേഷം വാലറ്റത്തെ കൂട്ടിപിടിച്ച് മുഷ്‌ഫിഖര്‍ ബാറ്റിംഗ് വിരുന്ന് കാഴ്‌ച്ചവെക്കുകയായിരുന്നു. ലങ്കയ്ക്കായി ഡി സില്‍വ രണ്ടും ലക്‌മലും പെരേരയും അമിലയും ഓരോ വിക്കറ്റുകളും വീഴ്‌ത്തി. 

മലിംഗ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ ലിതണ്‍ ദാസിനെ കുശാല്‍ മെന്‍ഡിസിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ അവസാന പന്തില്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ ബൗള്‍ഡാക്കി. മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ച് ബംഗ്ലാദേശ് തിരിച്ചടിച്ചു. എന്നാല്‍ 26-ാം ഓവറില്‍ വ്യക്തിഗത സ്‌കോര്‍ 63ല്‍ നില്‍ക്കേ മിഥുനെ പെരേരയുടെ കൈകളിലെത്തിച്ച് മലിംഗ ആഞ്ഞടിച്ചു. 133 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ ഒരു റണ്ണുമായി മഹമുദൂള്ള വീണു. 27-ാം ഓവറിലെ അവസാന പന്തില്‍ മൊസദേക് ഹൊസൈനിനെയും മലിംഗ പെരേരയുടെ അടുക്കല്‍ അവസാനിപ്പിച്ചു. 

പിന്നീട് മുഷ്‌ഫീഖറിന്‍റെ ഐതിഹാസിക സെഞ്ചുറി മാത്രമാണ് ബംഗ്ലാദേശിന് ആശ്വസിക്കാനുള്ളത്. ഹസന്‍(15), മൊര്‍ത്താസ(11), റൂബല്‍(2), മുസ്‌താഫിസര്‍(10) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. 150 പന്തുകളില്‍ 11 ബൗണ്ടറികളും നാല് ഫോറുമായി 144 തികച്ച മുഷ്‌ഫീഖര്‍ റഹീം 49.3 ഓവറില്‍ പത്താമനായാണ് പുറത്തായത്. പുറത്തായതിന് തൊട്ടുമുമ്പത്തെ പന്തുകളില്‍ തുടര്‍ച്ചയായി രണ്ട് സിക്സുകള്‍ താരം പറത്തി. പൊട്ടിയ കയ്യുമായി ബാറ്റേന്തി ആരാധകരുടെ കണ്ണുനനച്ച തമീം ഇക്‌ബാലായിരുന്നു മുഷ്‌ഫീഖറിന് കൂട്ട്.