ഇന്ത്യന്‍ ടീമിന്‍റെ പ്രാക്‌ടീസ് സെഷനില്‍ പന്തെറിയാന്‍ അഞ്ച് ബൗളര്‍മാരെ അയച്ച് ബിസിസിഐ. കൃത്യമായ ലക്ഷ്യം ബിസിസിഐയുടെ ഈ നീക്കത്തിന് പിന്നിലുണ്ട്. 

മുംബൈ: ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍മാര്‍ക്ക് നെറ്റ്സില്‍ പന്തെറിയാന്‍ അഞ്ച് ബൗളര്‍മാരെ അയച്ച് ബിസിസിഐ. പേസര്‍മാരായ ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, സിദാര്‍ത്ഥ് കൗള്‍ എന്നിവരും സ്‌പിന്നര്‍മാരായ മായങ്ക് മര്‍ക്കാണ്ഡെയും ഷഹബാസ് നദീമുമാണ് യുഎഇയിലേക്ക് പറന്നത്. പതിനേഴാം തിയതി വരെ മാത്രമാണ് ഇവര്‍ ടീമിനൊപ്പമുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 19-ാം തിയതി ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിക്കായി ഈ താരങ്ങള്‍ക്ക് അവരവരുടെ ടീമുകളിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്.

ആവേഷ് ഒഴികെയുള്ള താരങ്ങളെല്ലാം അടുത്തിടെ അവസാനിച്ച ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പങ്കെടുത്തിരുന്നു. 'സീനിയര്‍ ടീം നെറ്റ്സില്‍ പ്രാക്‌ടീസ് ചെയ്യുമ്പോള്‍ നിലവാരമുള്ള ബൗളര്‍മാരുടെ ദൗര്‍ലഭ്യം പ്രശ്‌നമാണ്. ഇത് പരിഹരിക്കുന്നതിനായാണ് അഞ്ച് ബൗളര്‍മാരെ അയച്ചത്' എന്നാണ് ബിസിസിഐയുടെ വിശദീകരണം. തുടര്‍ച്ചയായി മത്സരങ്ങള്‍ വരുന്നതിനാല്‍ ഭുവിയും ബൂംറയും അടക്കമുള്ള പ്രധാന ബൗളര്‍മാരുടെ ജോലിഭാരം കുറയ്ക്കാനും ഇത് സഹായകമാകുമെന്ന് ബിസിസിഐ പറയുന്നു. 18-ാം തിയതി ഹോങ്കോംഗിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.