സിഡ്നി: ഏഷ്യാകപ്പില്‍ നായകന്‍ വിരാട് കോലിയുടെ അഭാവത്തില്‍ ഓപ്പണർമാരായ രോഹിത് ശർമ്മ, ശിഖർ ധവാന്‍ എന്നിവരുടെ പ്രകടനമാകും ഇന്ത്യയ്ക്ക് നിർണായകമാവുകയെന്ന് ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീ. രോഹിത് ശർമ്മ ടൂർണമെന്‍റില്‍ ഇന്ത്യയുടെ നായകനും ധവാന്‍ ഉപനായകനുമാണ്. രോഹിത് മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യയും തിളങ്ങും എന്നാണ് കരുതുന്നത്. കാരണം അദേഹത്തിന് നായകന്‍റെ അധിക ചുമതല കൂടിയുണ്ട്- സ്റ്റാർ സ്പോർട്സിനോട് മുന്‍ താരം പറഞ്ഞു. 

ഇടംകൈയന്‍ പേസർമാർക്കെതിരെ രോഹിതിന് തിളങ്ങാനാവില്ല എന്ന വിലയിരുത്തല്‍ ലീ തള്ളി. യുഎഇയിലെ വേഗവും ബൌണ്‍സും കുറഞ്ഞ പിച്ചില്‍ രോഹിതിന് മുന്‍തൂക്കമുണ്ട്. വിക്കറ്റ് രോഹിതിനെ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ യുഎഇയില്‍ തിളങ്ങാന്‍ ധവാന്‍ ബാറ്റിംഗ് ടെക്നിക്കില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് ലീ പറഞ്ഞു. യുഎഇയിലെ പിച്ച് ധവാന് അനുകൂലമാണ്. ബൌളിന്‍റെ ലൈനിന് അനുസരിച്ച് കളിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഇതിഹാസ പേസർ വ്യക്തമാക്കി.