ബിസിസിഐ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ആരാധകര്‍. പാക്കിസ്‌താനുമായി മത്സരം വരുന്നു എന്നതാണ് ആരാധകരെ കൂടുതല്‍ ചൊടിപ്പിക്കുന്നത്.
മുംബൈ: യുഎഇയില്‍ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നായകന്‍ വിരാട് കോലിക്ക് ഇടമുണ്ടായിരുന്നില്ല. മത്സരങ്ങളുടെ ആധിക്യം മൂലം കോലിക്ക് ബിസിസിഐ വിശ്രമം അനുവദിക്കുകയായിരുന്നു. കോലിക്ക് പകരം ഓപ്പണര്‍ രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍.
അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് മുന്‍പ് ഇന്ത്യ പങ്കെടുക്കുന്ന സുപ്രധാന ടൂര്‍ണമെന്‍റില്‍ കോലിക്ക് വിശ്രമം അനുവദിച്ചത് ആരാധകരെ ഒട്ടും തൃപ്തരാക്കിയില്ല. ബിസിസിഐ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. പാക്കിസ്താനുമായി മത്സരം വരുന്നതിനാല്‍ കോലിയുടെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാവും എന്ന് വിലയിരുത്തുന്ന ആരാധകരുണ്ട്. കോലിയില്ലാത്തതിനാല്‍ പാക്കിസ്‌താന്‍ ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളായി എന്ന് കരുതുന്നവരുമുണ്ട്.
ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച ഫോമിലാണ് കോലിയെന്നത് താരത്തിന്‍റെ പ്രധാന്യം കൂടുതല്‍ വ്യക്തമാക്കുന്നു. പരമ്പരയില്‍ ഇതിനകം കൂടുതല്‍ റണ്‍സ് കണ്ടെത്തിയ താരം കോലിയാണ്. മത്സരങ്ങളുടെ ആധിക്യമാണ് കോലിക്ക് വിശ്രമം അനുവദിക്കാന്‍ കാരണം എന്ന് ചീഫ് സെലക്‌ടര്‍ എംഎസ്‌കെ പ്രസാദ് വിശദീകരിച്ചിരുന്നു. എന്നാല്‍ ആരാധകര്‍ ഇതിലൊന്നും സംതൃപ്‌തരല്ല. ഏഷ്യാകപ്പ് സെപ്‌റ്റംബര്‍ 15നാണ് ആരംഭിക്കുന്നത്.
