ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ ലിറ്റണ്‍ ദാസിന്റെ പുറത്താകലിനെക്കുറിച്ച് മനസുതുറന്ന് ബംഗ്ലാദേശ് നായകന്‍ മഷ്റഫി മൊര്‍ത്താസ. കുല്‍ദീപ് യാദവിന്റെ പന്തില്‍ ധോണിയുടെ മിന്നല്‍ സ്റ്റംപിംഗിലാണ് ലിറ്റണ്‍ ദാസ് പുറത്തായത്. ലിറ്റണ്‍ പുറത്തായത് ബംഗ്ലാദേശിന്റെ പ്രതികൂലമായി സ്കോറിംഗിനെ ബാധിക്കുകയും ചെയ്തു.
ധാക്ക: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ ലിറ്റണ്‍ ദാസിന്റെ പുറത്താകലിനെക്കുറിച്ച് മനസുതുറന്ന് ബംഗ്ലാദേശ് നായകന്‍ മഷ്റഫി മൊര്‍ത്താസ. കുല്‍ദീപ് യാദവിന്റെ പന്തില്‍ ധോണിയുടെ മിന്നല്‍ സ്റ്റംപിംഗിലാണ് ലിറ്റണ്‍ ദാസ് പുറത്തായത്. ലിറ്റണ്‍ പുറത്തായത് ബംഗ്ലാദേശിന്റെ പ്രതികൂലമായി സ്കോറിംഗിനെ ബാധിക്കുകയും ചെയ്തു.
ധോണി ബെയ്‌ലിളക്കുമ്പോള്‍ ലിറ്റണ്‍ ദാസിന്റെ കാല്‍ ക്രീസിനുള്ളിലുണ്ടായിരുന്നോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും റീപ്ലേ കണ്ട മൂന്നാം അമ്പയര്‍ അത് ഔട്ട് വിധിക്കുകയായിരുന്നു. എന്നാല്‍ റീപ്ലേകളില്‍ സംശയത്തിന്റെ ആനുകൂല്യം സാധരണയായി ബാറ്റ്സ്മാന് നല്‍കാറുള്ളത്. അതുകൊണ്ടുതന്നെ ലിറ്റണ്‍ ദാസിന്റെ പുറത്താകലിനെക്കുറിച്ച് രണ്ടഭിപ്രായം ഉണ്ടാവുകയും ചെയ്തു.
ഏഷ്യാ കപ്പ് ഫൈനല്‍ തോല്‍വിക്കുശേഷം ബംഗ്ലാദേശില്‍ തിരിച്ചെത്തിയ മൊര്‍ത്താസയോട് മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ആരാഞ്ഞിരുന്നു. എന്നാല്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മാച്ച് ഫീയുടെ 40 ശതമാനം പിഴ ഒടുക്കിയ താന്‍ ഇനി ഇതിനെക്കുറിച്ച് കൂടി പറഞ്ഞ് കൂടുതല്‍ പിഴശിക്ഷ വാങ്ങാന്‍ തയാറല്ലെന്നായിരുന്നു മൊര്‍ത്താസയുടെ മറുപടി. ലിറ്റണ്‍ ദാസിനെ ഔട്ട് വിധിച്ച തേര്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ ബംഗ്ലാദേശിന് കടുത്ത അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മൊര്‍ത്താസയുടെ പ്രതികരണം. മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ഇന്ത്യ മറികടന്നത്. 122 റണ്‍സടിച്ച ലിറ്റണ്‍ ദാസായിരുന്നു ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍.
