മൂന്ന് വിക്കറ്റിന് 12 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നിരുന്ന ബംഗ്ലാദേശ് കരകയറുന്നു. രക്ഷകരായി അര്‍ദ്ധ സെഞ്ചുറി പിന്നിട്ട മുഷ്‌ഫീഖര്‍ റഹീം- മുഹമ്മദ് മിഥുന്‍ കൂട്ടുകെട്ട്.

അബുദാബി: ഏഷ്യാകപ്പില്‍ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ബംഗ്ലാ കടുവകള്‍ ചുവടുറപ്പിക്കുന്നു. മൂന്ന് വിക്കറ്റിന് 12 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നിരുന്ന ബംഗ്ലാദേശ് 29 ഓവറുകള്‍ പിന്നിടുബോള്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ 136 റണ്‍സ് എന്ന നിലയിലാണ്. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്‌ഫീഖര്‍ റഹീമും(68), മുഹമ്മദ് മിഥുനും(51) ആണ് ക്രീസില്‍. 

നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് ഓപ്പണര്‍മാരെ പേസര്‍ മുഹമ്മദ് ആമിറിന് പകരക്കാരനായെത്തിയ ജുനൈദ് ഖാന്‍ എറിഞ്ഞൊതുക്കുകയായിരുന്നു. ലിത്തണ്‍ ദാസ്(6), സൗമ്യ സര്‍ക്കാര്‍ എന്നിവരെ ജുനൈദ് മടക്കി. മൊമിനുല്‍ ഹഖിനെ അഞ്ച് റണ്‍സില്‍നില്‍ക്കേ ഷഹീന്‍ അഫ്രിദിയും പുറത്താക്കി. 

വിരലിന് പരിക്കേറ്റ ഷാക്കിബ് അല്‍ ഹസനടനെ പുറത്തിരുത്തിയതടക്കം ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ നടത്തിയ ബംഗ്ലാദേശിന്‍റെ തന്ത്രങ്ങള്‍ തുടക്കത്തില്‍ പാളുന്നതാണ് ദൃശ്യമായത്. പുറത്തായ സൗമ്യ സര്‍ക്കാരും മൊമിനുല്‍ ഹഖും ഇന്നത്തെ മത്സരത്തില്‍ അവസരം ലഭിച്ച താരങ്ങളാണ്. എന്നാല്‍ പിന്നാലെ നിലയുറപ്പിച്ച മുഷ്‌‌ഫീഖര്‍- മിഥുന്‍ കൂട്ടുകെട്ട് കൂടുതല്‍ പരിക്കുകളില്ലാതെ ബംഗ്ലാദേശ് സ്‌കോര്‍ ഉയര്‍ത്തുകയാണ്.