ഈ സമയം ഗാലറിയില്‍ ഇന്ത്യയുടെ ഒരു കുട്ടി ആരാധകനും പൊട്ടിക്കരയുകയായിരുന്നു. എന്നാല്‍ കട്ട ഇന്ത്യന്‍ ഫാനിന്‍റെ കണ്ണീര്‍ അഫ്ഗാന്‍ താരങ്ങളുടെ കണ്ണിലുടക്കി- വീഡിയോ കാണാം...

ദുബായ്: ഏഷ്യാകപ്പ് ചരിത്രത്തിലെ വാശിയേറിയ മത്സരങ്ങളിലൊന്നായിരുന്നു ഇന്ത്യ- അഫ്‌ഗാന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടം. അവസാന ഓവറില്‍ ക്രീസില്‍ ജഡേജ നില്‍ക്കുമ്പോള്‍ വിജയം സ്വപ്‌നം കണ്ട ഇന്ത്യയ്ക്ക് പാതി നിരാശയായി മത്സരഫലം. എന്നാല്‍ റഷീദ് ഖാന്‍റെ മാന്ത്രിക സ്‌പിന്നില്‍ ജഡു തലകുനിച്ചപ്പോള്‍ കരുത്തുറ്റ ഇന്ത്യ നിര സമനിലക്കുരുക്കിലായി. ക്രിക്കറ്റ് ചക്രവര്‍ത്തിമാരെ പരാജയപ്പെടുത്തിയ പ്രതീതിയാണ് അഫ്ഗാന്‍ ആരാധകര്‍ക്ക് ഈ നിമിഷം ഉണ്ടായത്. എന്നാല്‍ ഇന്ത്യന്‍ ആരാധകര്‍ അപ്രതീക്ഷത സമനിലയില്‍ വിതുമ്പി. 

ഈ സമയം ഗാലറിയില്‍ ഇന്ത്യയുടെ ഒരു കുട്ടി ആരാധകനും പൊട്ടിക്കരയുകയായിരുന്നു. എന്നാല്‍ കട്ട ഇന്ത്യന്‍ ഫാനിന്‍റെ കണ്ണീര്‍ അഫ്ഗാന്‍ താരങ്ങളുടെ കണ്ണിലുടക്കി. മത്സരശേഷം അഫ്‌ഗാന്‍ സൂപ്പര്‍ താരങ്ങളായ റഷീദ് ഖാനും മുഹമ്മദ് ഷഹസാദും കുട്ടിയുടെ അരികിലെത്തി ആശ്വസിപ്പിച്ചു. ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കുട്ടി ആരാധകനും അഫ്‌ഗാന്‍ താരങ്ങളും തരംഗമായി. തകര്‍പ്പന്‍ സെഞ്ചുറി നേടിയ മുഹമ്മദ് ഷഹസാദും രണ്ട് വിക്കറ്റും അവസാന ഓവറിലെ മാന്ത്രിക സ്‌പിന്നുമായി തിളങ്ങിയ റഷീദ് ഖാനും അഫ്‌ഗാന്‍റെ വിജയശില്‍പികളുമായിരുന്നു.

മത്സരത്തില്‍ ഇന്ത്യയ്ക്ക് 50-ാം ഓവറിലെ അവസാന രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഒരു പന്ത് ബാക്കിനില്‍ക്കേ റഷീദിനെ അടിച്ചകറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ നജീബുള്ള പിടിച്ച് ജഡേജ പുറത്താവുകയായിരുന്നു.