ഏഷ്യാകപ്പില്‍ പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ ത്രില്ലറില്‍ ആവേശം അതിരുകടന്നതിന് മൂന്ന് താരങ്ങള്‍ക്കെതിരെ നടപടി. ശിക്ഷിക്കപ്പെട്ടവരില്‍ അഫ്‌ഗാന്‍ സ്‌പിന്നര്‍ റഷീദ് ഖാനും...

ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ 'ആവേശം അതിരുകടന്നതിന്' പാക് താരം ഹസന്‍ അലി, അഫ്ഗാന്‍ താരങ്ങളായ റഷീദ് ഖാന്‍, അസ്‌ഗാര്‍ അഫ്ഗാന്‍ എന്നിവര്‍ക്കെതിരെ നടപടി. ഐസിസി പെരുമാറ്റചട്ട നിയമത്തിലെ ലെവല്‍ ഒന്ന് കുറ്റം ചെയ്തതായി കണ്ടെത്തിയ ഇവര്‍ക്ക് മാച്ച് റഫറി ഒരു ഡീ മെറിറ്റ് പോയിന്‍റും 15 ശതമാനം മാച്ച് ഫീ പിഴയായും ചുമത്തി.

പാക്- അഫ്‌ഗാന്‍ മത്സരത്തിലെ 33-ാം ഓവറില്‍ ഹഷ്‌മത്തുള്ളയ്ക്ക് നേരെ പന്ത് വലിച്ചെറിയാന്‍ ശ്രമിച്ചതിനാണ് പാക് പേസര്‍ ഹസന്‍ അലിക്ക് പിടിവീണത്. അതേസമയം 37-ാം ഓവറില്‍ റണ്ണിനായുള്ള ഓട്ടത്തിനിടയില്‍ മനപൂര്‍വം ഹസന്‍ അലിയുടെ തോളില്‍ ഇടിച്ചതാണ് അഫ്‌ഗാന്‍ നായകന്‍ അസ്‌ഗാര്‍ ചെയ്ത കുറ്റം. പാക് ഇന്നിംഗ്‌സിലെ 47-ാം ഓവറില്‍ ആസിഫ് അലിയെ പുറത്താക്കിയശേഷം വിരല്‍ ചൂണ്ടി യാത്രയാക്കിയതിനും അമിത ആഹ്ലാദപ്രകടനത്തിനുമാണ് സൂപ്പര്‍ സ്‌പിന്നര്‍ റഷീദിനെ ശിക്ഷിച്ചത്. 

ഐസിസി പെരുമാറ്റചട്ട നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.1.1 പ്രകാരമുള്ള കുറ്റമാണ് ഹസന്‍ അലിയും അസ്ഗറും ചെയ്തത്. എന്നാല്‍ റഷീദ് ഖാനെതിരെ ആര്‍ട്ടിക്കിള്‍ 2.1.7 പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.