ബംഗ്ലാദേശിനെതിരായ പരാജയത്തില്‍ പാക് താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ സ്‌പിന്നര്‍ സയിദ് അജ്‌മല്‍. പാക്കിസ്ഥാന്‍റെ പ്രകടനം നാണംകെടുത്തിയെന്ന് വിമര്‍ശനം... 

ലാഹോര്‍: ഏഷ്യാകപ്പ് സെമിയില്‍ ബംഗ്ലാദേശിനെതിരായ പാക് തോല്‍വിയില്‍ പൊട്ടിത്തെറിച്ച് മുന്‍ സ്‌പിന്നര്‍ സയിദ് അജ്‌മല്‍. പാക്കിസ്ഥാന്‍റെ പ്രകടനം നിലവാരമില്ലാത്തതും മത്സരം കാണുന്നത് പോലും നാണക്കേടുണ്ടാക്കിയെന്നും അജ്‌മല്‍ പ്രതികരിച്ചു. 

ചാമ്പ്യന്‍സ് ട്രോഫി നേടിയ ടീമാണ് ഇങ്ങനെ കളിക്കുന്നത്. ഇപ്പോള്‍ സര്‍ഫ്രാസ് ക്യാപ്റ്റന്‍സി മറന്നിരിക്കുന്നു. അടുത്തകാലത്ത് ഒരു അര്‍ദ്ധ സെഞ്ചുറി മാത്രമാണ് നായകന്‍ നേടാനായതെന്ന് അജ്‌മല്‍ കൂട്ടിച്ചേര്‍ത്തു. പരമ്പരാഗതവൈരികളായ ഇന്ത്യക്കെതിരായ ഫൈനലിന് യോഗ്യത നേടാനാകാതെ പോയതാണ് അജ്‌മലിനെ കൂടുതല്‍ ചൊടിപ്പിച്ചത്. 

ഏഷ്യാകപ്പ് സെമിയില്‍ ബംഗ്ലാദേശിനെതിരെ 37 റണ്‍സിന്‍റെ തോല്‍വിയാണ് പാക്കിസ്ഥാന്‍ വഴങ്ങിയത്. വിജയലക്ഷ്യമായ 240 റണ്‍സിലേക്ക് ബാറ്റുവീശിയ പാക്കിസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 202 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്‍ ഒറ്റയാള്‍ ചെറുത്തുനില്‍പ് മാത്രമാണ് പാക്കിസ്ഥാന് കാഴ്‌ച്ചവെക്കാനായത്. നായകന്‍ സര്‍ഫ്രാസ് 10 റണ്‍സിന് പുറത്തായി.